gnn24x7

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

0
334
gnn24x7

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അർബുദ ബാധയെ തുടർന്ന് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. കാൻസറിന് ചികിത്സയിൽ കഴിയുന്ന പെലെയെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടിയിരുന്നു.

ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം രചിച്ച താരമാണ് പെലെ. 1958, 1962, 1970ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങൾ. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോൾ താരവും പെലെയാണ്.1940 ഒക്ടോബർ 23-ന് ‘മൂന്ന് ഹൃദയം’ എന്നർഥം വരുന്ന ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് പെലെ ജനിച്ചത്. അച്ഛൻ ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞോ, അമ്മ സെലെസ്റ്റേ അരാന്റസ്. 15-ാം വയസിൽ ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്ബോൾ ക്ലബ്ബ് സാന്റോസിനൊപ്പമാണ് പെലെ കളി തുടങ്ങിയത്. 1956-ലായിരുന്നു അത്. 1956 സെപ്റ്റംബർ ഏഴിന് കൊറിന്ത്യൻസിനെതിരെയായിരുന്നു സാന്റോസ് സീനിയർ ടീമിലെ ആദ്യ കളി. ഒന്നിനെതിരേ ഏഴു ഗോളിന് സാന്റോസ് ജയിച്ച ആ മത്സരത്തിൽ ഒരു ഗോളുമടിച്ചു. 1957 ജൂലായ് ഏഴിന് അർജന്റീനയ്ക്കെതിരെയായിരുന്നു ബ്രസീൽ അരങ്ങേറ്റം. 16 വർഷവും ഒമ്പത് മാസവും പ്രായമുള്ളപ്പോഴായിരുന്നു അത്. ആദ്യ മത്സരത്തിൽ തന്നെ പെലെ ഗോൾ നേടി.

1958-ൽ ലോകകപ്പിൽ അരങ്ങേറി. കരിയറിലെ ആദ്യ മേജർ ടൂർണമെന്റായിരുന്നു അത്. കാൽമുട്ടിനേറ്റ പരിക്കുമായി സ്വീഡനിലെത്തിയ പെലെ സെമിയിൽ ഫ്രാൻസിനെതിരേ ഹാട്രിക്ക് നേടി ഫുട്ബോൾ ചരിത്രത്തിൽ ഇടംപിടിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് പെലെയ്ക്ക് സ്വന്തമായി. സ്വീഡനെതിരായ ഫൈനലിലും ഇരട്ട ഗോൾ നേടി. സ്വീഡനെ രണ്ടിനെതിരേ അഞ്ചു ഗോളിന് തകർത്ത് അന്ന് ബ്രസീൽ കിരീടം നേടി. നാലു മത്സരങ്ങളിൽ ആറു ഗോളുകൾ നേടിയ പെലെയെ ടൂർണമെന്റിലെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു. 1970 ലോകകപ്പിൽ ഗോൾഡൻ ബോളും സ്വന്തമാക്കി.

1971 ജൂലായ് 18-ന് റിയോ ഡി ജനെയ്റോയിൽ യൂഗോസ്ലാവിയക്കെതിരെയായിരുന്നു ബ്രസീൽ ജേഴ്സിയിലെ അവസാന മത്സരം. മഞ്ഞപ്പടയ്ക്കായി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ നേടാനായ ശേഷമായിരുന്നു ആ പടിയിറക്കം. അവിടെനിന്നും ആറു വർഷം കഴിഞ്ഞ് പെലെ പ്രൊഫഷണൽ കരിയർ അവസാനിപ്പിച്ചു. 1977 ഒക്ടോബർ ഒന്നിന് ന്യൂയോർക്ക് കോസ്മോസും സാന്റോസും തമ്മിലുള്ള മത്സരത്തിലൂടെ പെലെ വിടവാങ്ങി. പ്രൊഫഷണൽ കരിയറിൽ ഈ രണ്ട് ക്ലബ്ബുകൾക്കായി മാത്രമേ പെലെ ബൂട്ടണിഞ്ഞിട്ടുള്ളൂ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here