gnn24x7

പാലക്കാട് സ്കൂൾ വിദ്യാർഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു; 4 മരണം

0
286
gnn24x7

പാലക്കാട് കല്ലടിക്കോട് സ്കൂൾ വിദ്യാർഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം. കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാർകാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് മറിഞ്ഞത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ നാല് പെൺ കുട്ടികളാണ് മരിച്ചത്. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാലുമണിയോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥിനികൾ വീട്ടിലേക്കു മടങ്ങാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു അപകടം.

നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാർഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. മൂന്ന് കുട്ടികൾ സംഭവ സ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മരിച്ച മൂന്ന് വിദ്യാർഥികളുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു വിദ്യാർഥിയുടെ മൃതദേഹം മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിലുമാണുള്ളത്. മഴയത്ത് നിയന്ത്രണം തെറ്റിയാകാം ലോറി മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ അമിതവേഗത്തിലെത്തിയ ലോറി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ ലോറി നിയന്ത്രണം വിട്ട് വീടിനോട് ചേർന്നുള്ള മരത്തിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7