പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്. അതേസമയം, ഗവർണർ സർക്കാർ ഒത്തുതീർപ്പെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.
സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. സാമൂഹിക, സാമ്പത്തിക മേഖലകളിൽ മികച്ച നേട്ടം കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞതായി ഗവർണർ പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും കേരളം സാമ്പത്തിക വളർച്ച കൈവരിച്ചു. 17 ശതമാനം വളർച്ച നേടി. സുസ്ഥിര വികസനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ദുർബല വിഭാഗങ്ങൾക്കായാണ് സംസ്ഥാനത്തിന്റെ വികസനം നയം. നിക്ഷേപങ്ങൾ ആകർഷിക്കാൻ സാധിച്ചു. നിക്ഷേപത്തിന് അനുകൂല സാഹചര്യമൊരുക്കാൻ നടപടിക്രമങ്ങൾ സുഗമമാക്കി. വ്യവസായ മേഖലയിൽ കുതിച്ചുചാട്ടമുണ്ടായി. സാമ്പത്തിക ഫെഡറലിസം ശക്തമാക്കണമെന്നും ഗവർണർ പറഞ്ഞു.
വയോജന സംരക്ഷണത്തിൽ രാജ്യത്തുതന്നെ കേരളം മുന്നിലാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും സംസ്ഥാനം മുൻപിലാണ്. കേരള നോളജ് എക്കണോമി മിഷനിലൂടെ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കി. സർക്കാർ ജീവനക്കാർക്കായി ഇൻഷുറൻസ് പദ്ധതി ആവിഷ്ക്കരിച്ചു. സർക്കാർ സേവനങ്ങൾ ഓൺലൈനാക്കി. തൊഴിലില്ലായ്മ പരിഹരിക്കാൻ വിവിധ പദ്ധതികൾ നടപ്പിലാക്കി. സർക്കാർ ജീവനക്കാർക്കായി ഇൻഷുറൻസ് പദ്ധതി ആവിഷ്ക്കരിച്ചു. സാധാരണക്കാർക്ക് വീടു നൽകാനുള്ള ലൈഫ് മിഷൻ പദ്ധതി തുടരും. തോട്ടം മേഖലയ്ക്ക് ഊന്നൽ നൽകും.
കേന്ദ്രസർക്കാരിനെ വിമർശിച്ച ഗവർണർ, സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കം നടക്കുന്നുവെന്ന് പറഞ്ഞു. ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബന്ധമാണെന്നും ഗവർണർ പറഞ്ഞു. ശക്തമായ രാജ്യത്തിനു ശക്തമായ കേന്ദ്രവും അധികാരശ്രേണികളും വേണം. ജനങ്ങളുടെ താല്പര്യങ്ങൾ പ്രതിഫലിക്കുന്ന നിയമസഭകൾ സംരക്ഷിക്കപ്പെടണമെന്നും ഗവർണർ പറഞ്ഞു.
മാധ്യമ സ്വാതന്ത്യത്തെ ഹനിക്കുന്ന വാർത്തകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കേൾക്കുന്നു. എന്നാൽ, കേരള സർക്കാർ മാധ്യമ സ്വാതന്ത്യം സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിത, തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിച്ചു. വീടുകളില്ലാത്ത മത്സ്യത്തൊഴിലാളികൾക്ക് പുനർഗേഹം പദ്ധതിയിലൂടെ വീടുകൾ നിർമിച്ചു നൽകി. തുറമുഖങ്ങൾ നവീകരിക്കുന്നതിനു നടപടികൾ സ്വീകരിച്ചതായും ഗവർണർ പറഞ്ഞു.
ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ച നടക്കും. തുടർന്ന് മൂന്നിനാണ് ബജറ്റ് അവതരണം. റിപ്പബ്ലിക് ദിനം മുതൽ 31 വരെ ഇടവേളയാണ്. ഫെബ്രുവരി 6 മുതൽ 8 വരെ ബജറ്റിന്മേലുള്ള പൊതുചർച്ച. 13 മുതൽ രണ്ടാഴ്ച സബ്ജക്ട് കമ്മിറ്റികൾ ധനാഭ്യർഥനകളുടെ സൂക്ഷ്മപരിശോധന നടത്തും. 2023-24 സാമ്പത്തിക വർഷത്തെ ധനാഭ്യർഥനകൾ ചർച്ച ചെയ്ത് പാസാക്കാൻ ഫെബ്രുവരി 28 മുതൽ മാർച്ച് 22 വരെ കാലയളവിൽ 13 ദിവസം നീക്കിവച്ചിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88




































