ബ്രഹ്മപുരം മാലിന്യ ശേഖരണ പ്ലാന്റ് തീപ്പിടിത്തത്തിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള അധികൃതരെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി. കളക്ടർ രേണു രാജിനോട് ബുധനാഴ്ച കോടതിയിൽ എത്താൻ കോടതി നിർദേശിച്ചു. വിഷയത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതിയുടെ ഡിവിഷൻ ബെഞ്ച്. തിങ്കളാഴ്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ കേസെടുത്തത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് കേസ് പരിഗണിക്കുന്നതിന് മുൻപുതന്നെ കൊച്ചി കോർപറേഷൻ സെക്രട്ടറി, പൊല്യൂഷൻ കൺട്രോൾ ബോർഡ് ചെയർമാൻ തുടങ്ങിയവരോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. മാത്രമല്ല, എറണാകുളം കളക്ടർ രേണു രാജിനോടും കോടതിയിലേക്ക് എത്താൻ നിർദേശം നൽകിയിരുന്നു. എന്നാൽ കളക്ടർ ഹാജരായില്ല. പകരം ദുരന്ത നിവാരണ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥയാണ് കോടതിയിലെത്തിയത്.
കളക്ടർ നേരിട്ട് ഹാജരാകാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കേസ് പരിഗണിച്ച ജഡ്ജിമാരിൽ ഒരാൾ, ശനിയാഴ്ച താൻനടക്കാനിറങ്ങിയപ്പോൾ കടുത്ത പുകയുണ്ടായിരുന്നെന്നും ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് പ്രഭാതസവാരി അവസാനിപ്പിച്ച് മടങ്ങിപ്പോകേണ്ടിവന്നുവെന്നും പറഞ്ഞു. തന്റെ അയൽക്കാരിയായ കളക്ടർക്ക് ഇതുവരെ പുകയുടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ലേയെന്ന് കോടതി പരിഹാസരൂപേണ ചോദിച്ചു. അങ്ങനെയെങ്കിൽ കളക്ടർ കോടതിയിലേക്ക് എത്തി കാര്യങ്ങൾ പറഞ്ഞാൽ കളക്ടർ സ്വീകരിച്ചതു പോലുള്ള മുൻകരുതൽ തങ്ങൾക്കും എടുക്കാമല്ലോ എന്ന് കോടതി വാക്കാൽ പറഞ്ഞു.
കളക്ടർ രേണു രാജ് ബുധനാഴ്ച കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ബുധനാഴ്ച ഉച്ചയോടെ തീയും പുകയും അവസാനിക്കുമെന്ന് കൊച്ചി കോർപറേഷൻ സെക്രട്ടറി വിശദീകരിച്ചു. അങ്ങനെയെങ്കിൽ കേസ് ബുധനാഴ്ച ഉച്ചയ്ക്കു ശേഷം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. കൊച്ചിയിലെ മാലിന്യപ്രശ്നം സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം 1.45-ന് കോടതി വീണ്ടും കേസ് പരിഗണിക്കും. കൊച്ചി കോർപറേഷൻ സെക്രട്ടറിയും പൊല്യൂഷൻ കൺട്രോൾ ബോർഡ് ചെയർമാനും നാളെ കോടതിയിൽ നേരിട്ട് ഹാജരാകണം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ