തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ടൗട്ടെ’ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തമാകുമെന്ന് റിപ്പോര്‍ട്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരും. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയിൽ ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. ഇതേ തുടർന്ന് വീടുകളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയ്ക്കൊപ്പം ഇന്ന് കാറ്റിന് ശക്തിയേറുമെന്നാണ് റിപ്പോർട്ട്.
ചുഴലിക്കാറ്റായി രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദം 200 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം കേരളത്തിനൊപ്പം ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ് പ്രദേശങ്ങളിലും കനത്ത ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.
 
                






