ഇന്ത്യ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതിന്‍റെ സ്മരണയില്‍ ഭാരതം.
രാജ്യം ഇന്ന് 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്‍റെ ഭരണഘടന ഓരോ ഭാരതീയനും നല്‍കുന്ന ഉറപ്പു൦ സുരക്ഷയും, ഒപ്പം ഭാരതം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ പ്രസക്തിയും വിളിച്ചോതുന്ന ദിനം.
വിവിധ പരിപാടികളോടെയാണ് രാജ്യമൊട്ടാകെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.
ആഘോഷത്തിന്‍റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ വര്‍ണ്ണാഭമായ പരേഡ് നടക്കും. രാഷ്ട്രപതി രാജ്പഥിലൊരുക്കിയിട്ടുള്ള വേദിയിലെത്തുന്നതോടെയാണ് പരിപാടികള്‍ ആരംഭിക്കുക.
ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബോല്‍സനാരോ ആണ് ഇത്തവണത്തെ മുഖ്യാതിഥി. ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷത്തില്‍ പ ങ്കെടുക്കുന്ന മൂന്നാമത്തെ ബ്രസീൽ പ്രസിഡന്‍റാണ് ബോല്‍സനാരോ. മുന്‍പ് 1996, 2004 എന്നീ വർഷങ്ങളിലും ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ബ്രസീലിയൻ പ്രസിഡന്‍റുമാര്‍ എത്തിയിരുന്നു.
രാവിലെ 9 മണിയോടെ രാജ്പഥിൽ റിപ്പബ്ലിക് ദിന ചടങ്ങുകൾ ആരംഭിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പരേഡില്‍ അഭിവാദ്യം സ്വീകരിക്കും.
ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ട് കടുത്ത സുരക്ഷാനിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒപ്പം കറുത്ത ഷാളുകളും തൊപ്പികളും അണിഞ്ഞെത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
90 മിനിറ്റ് നീളുന്ന പരേഡ് 10 മണിക്കാണ് തുടങ്ങുക. ജനറൽ അസിത് മിസ്ത്രിയാണ് പരേഡ് നയിക്കുക. വായുസേനയുടെ പുതിയ ചിന്നുക്ക്, അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഒരുക്കുന്ന ആകാശ കാഴ്ചകളും പരേഡിന് മാറ്റ് കൂട്ടും. സാംസ്കാരിക വൈവിധ്യങ്ങൾ ദൃശ്യമാകുന്ന വിവിധ സംസ്ഥാനങ്ങളുടെ ടാബ്ലോകളും പരേഡിലുണ്ട്.
അതേസമയം, അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രിയും സൈനിക മേധാവികളും ആദരാജ്ഞലി അർപ്പിക്കുന്ന ചടങ്ങ് ഇത്തവണയില്ല. പകരം ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പ്പചക്രം അർപ്പിക്കും.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്‍റെയും ഭീകരാക്രമണ ഭീഷണിയുടെയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.