ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ആസൂത്രിതമാണെന്നും ആക്രമണത്തിന് ഉത്തരവിട്ടത് ചൈനീസ് പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവി ഷാവോ ഷോന്‍കിയെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഉദ്ദേശിച്ച ഫലം കാണാതെ ചൈനീസ് ജനറലിന്റെ പദ്ധതി തിരിച്ചടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെയാണ് ഷാവോ ഷോന്‍കിയുടെ ആസൂത്രണം ഫലം കാണാതെ പോയത്.
ചൈനയുടെ ശക്തി ഇന്ത്യയെ ബോധ്യപ്പെടുത്താനാണ് ആക്രമണം കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍, ഇന്ത്യയുടെ തിരിച്ചടി ഇത്ര രൂക്ഷമാകുമെന്ന് ചൈന പ്രതീക്ഷിച്ചില്ല. ഗല്‍വാനിലെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. രണ്ട് ചൈനീസ് കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടെന്ന് ചൈന സ്ഥിരീകരിച്ചെങ്കിലും എത്ര സൈനികര്‍ മരിച്ചെന്ന് സ്ഥിരീകരിച്ചിട്ടില്ല. ചൈനീസ് ഉല്‍പന്ന ബഹിഷ്‌കരണവും ചൈനക്ക് അപ്രീതീക്ഷിത തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.