ലഡാക്ക്: അതിർത്തിയിൽ അതീവ ജാഗ്രതയാണ് ഇന്ത്യൻ സേന പുലർത്തുന്നത്. ചൈനയുടെ എതിർപ്പ് അവഗണിച്ച് ഗാൽവാൻ നദിക്ക് കുറുകെ ഇന്ത്യ പാലം പണി പൂർത്തിയാക്കിയതിന് പിന്നാലെ സേനാ നീക്കവും ഇന്ത്യ വേഗത്തിലാക്കി. വ്യോമസേനാ മേധാവി ലഡാക്കിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം സ്ഥിതി നിരീക്ഷിച്ച വ്യോമസേനാ മേധാവി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. അതിർത്തിയിൽ വ്യോമസേനാ വിമാനങ്ങൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ലെയിൽ പോർ വിമാനങ്ങൾ പരീക്ഷണ പറക്കൽ നടത്തിയിട്ടുണ്ട്. ലെയില വ്യോമത്താവളത്തിൽ യുദ്ധവിമാനങ്ങൾ സജ്ജമാണ്. കിഴക്കൻ ലഡാക്കിൽ ഇന്ത്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
അതേ സമയം ചൈന അതിർത്തിയായ ദെപ് സാങ്ങിൽ കൂടുതൽ സൈന്യത്തേയും ടാങ്കുകളേയും വിന്യസിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഏത് നടപടിക്കും സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ സൈനിക നീക്കം വേഗത്തിലാക്കുകയായിരുന്നു. ലഡാക്കിൽ തുടരുന്ന വ്യോമസേനാ മേധാവി ആർകെ എസ് ഭദൗരിയ വ്യോമസേനയുടെ സന്നാഹങ്ങൾ വിലയിരുത്തകയും ഡൽഹിയുമായി ആശയ വിനിമയം നടത്തുകയുമാണ്.