ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ പോലീസ് ഓഫീസറെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തീവ്രവാദികളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി ഇയാള്‍ അവരെ സഹായിക്കുകയായിരുന്നുവെന്നാണ് ജമ്മു-കശ്മീര്‍ പോലീസ് പറയുന്നത്. ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് സഹായിക്കുന്നതിനായി ഇയാള്‍ തീവ്രവാദികളില്‍നിന്ന് 12 ലക്ഷം രൂപ വാങ്ങിയതായി പ്രാഥമിക ചോദ്യംചെയ്യലില്‍ വ്യക്തമായതായി പോലീസ് പറയുന്നു.ശനിയാഴ്ചയാണ് ജമ്മു-കശ്മീരില്‍ ഭീകരര്‍ക്കൊപ്പം ഡിഎസ്പി ദേവേന്ദ്ര സിംഗിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സെയ്ദ് നവീദ് മുഷ്താഖ്, തീവ്രവാദിയായ റാഫി റാത്തര്‍, ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നിവരായിരുന്നു ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. എന്നാല്‍, ഭീകരരെ കീഴടങ്ങാന്‍ എത്തിക്കുന്നതിനിടയിലാണ് തന്നെ പോലീസ് പിടികൂടിയതെന്നാണ് ഡിഎസ്പി അവകാശപ്പെടുന്നത്. എന്നാല്‍, ഇത്തരമൊരു കീഴടങ്ങല്‍ പദ്ധതി നടപ്പാക്കാന്‍ ഇദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റിന് ഇതെപ്പറ്റി സൂചനകളൊന്നും ലഭിച്ചിട്ടില്ല എന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, ഡിഎസ്പി ദേവേന്ദ്ര സിംഗിനെ തീവ്രവാദിയായി കണക്കാക്കുമെന്ന് ഐജി വിജയകുമാര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് ഐജി ഇക്കാര്യം വ്യക്തമാക്കിയത്.സൗത്ത് കശ്മീരിലെ ശ്രീനഗര്‍-ജമ്മുകശ്മീര്‍ ദേശീയ പാതയില്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരര്‍ക്കൊപ്പം ഇയാള്‍ പിടിയിലായത്.പിന്നീട് ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 5 ഗ്രനേഡും, രണ്ട് എ കെ 47 തോക്കുകളും കണ്ടെടുത്തിരുന്നു. പിടിയിലായ പോലീസുകാരന് യാതൊരു വിധ പരിഗണനയും നല്‍കില്ലെന്നും ഉദ്യോഗസ്ഥനെ എല്ലാ സുരക്ഷാ ഏജന്‍സികളും ചോദ്യം ചെയ്യുമെന്നും ഐജി വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്കായി ദേവേന്ദ്ര സിംഗിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.