തിരുവനന്തപുരം:തിരുവനന്തപുരംകോർപറേഷനിലെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയെന്നു സിപിഎം ജില്ലാ സെക്രട്ടറിആനാവൂർ നാഗപ്പൻ അവകാശപ്പെടുന്നുണ്ടെങ്കിലും അതു ശരിയല്ലെന്നു ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. മൊഴി നൽകാൻ ആനാവൂർ സമയം നൽകുന്നില്ലെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ ആവർത്തിച്ചു.
മൊഴി നൽകാൻ ആവശ്യപ്പെട്ടു ബുധനാഴ്ച രാത്രി ക്രൈംബ്രാഞ്ച് സംഘം ആനാവൂരിനെ ഫോണിൽ വിളിച്ചിരുന്നു. പാർട്ടിക്കാര്യങ്ങളിൽ തിരക്കിലാണെന്നും, കത്തു കണ്ടിട്ടില്ലെന്നും ആനാവൂർ പറഞ്ഞു. മാധ്യമങ്ങളിൽ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും ഫോണിലൂടെ സംസാരിച്ചത് മൊഴിയായി രേഖപ്പെടുത്തണമെന്നാണ് അദ്ദേഹം ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടെന്നാണ് വിവരം. പക്ഷേ, ഇതു ക്രൈംബ്രാഞ്ച് അംഗീകരിച്ചതായി സൂചനയില്ല.
കത്തു വിവാദത്തിൽ, പാർട്ടി അന്വേഷണം ഉടൻ നടത്തുമെന്നു ആനാവൂർ മാധ്യമങ്ങളോടു പറഞ്ഞു. “മേയറെ വ്യക്തിഹത്യ നടത്തുകയാണ്. നിർധനയായ പെൺകുട്ടിയെ അപമാനിക്കാനാണ് ശ്രമം. മാധ്യമങ്ങൾ അതിനു കൂട്ടു നിൽക്കുന്നു. മേയറെക്കുറിച്ച് നയാപൈസയുടെ അഴിമതി ആരോപിക്കാനാകുമോ?’- ആനാവൂർ ചോദിച്ചു.