തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന് തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ നോട്ടീസ് അയച്ചു. കോർപ്പറേഷൻ സെക്രട്ടറിക്കും നോട്ടീസ് നൽകിയിട്ടുണ്ട്. യൂത്ത്കോൺഗ്രസ് നേതാവ് സുധീർ ഷാ പാലോട് നൽകിയ പരാതിയിലാണ് നടപടി. മേയർ സത്യപ്രതിജ്ഞ ലംഘനംനടത്തിയെന്നായിരുന്നു പരാതി. ഈ മാസം 20നകം മേയർ പരാതിക്ക് രേഖാമൂലം മറുപടി നൽകണമെന്ന് നോട്ടീസിലുണ്ട്. ഡിസംബർ രണ്ടിന് ഓൺലൈൻ സിറ്റിംഗിലുംഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു ജനപ്രതിനിധിക്ക് യോജിക്കാത്ത രീതിയിൽ സ്വജനപക്ഷപാതപരമായ നിലപാടാണ് മേയർ ആര്യ രാജേന്ദ്രൻ സ്വീകരിച്ചതെന്നായിരുന്നു പരാതി. അതേസമയം കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 19ന് തിരുവനന്തപുരം നഗരസഭ പ്രത്യേക കൗൺസിൽ ചേരും. പ്രത്യേക കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് 35 ബിജെപി കൗൺസിലർമാർ നോട്ടീസ് നൽകിയിരുന്നു. കത്ത് വിവാദവുമായി ബന്ധപ്പെട്ട് ഇന്നും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുകയാണ്. കനത്ത സുരക്ഷയിലാണ് മേയർ ഓഫിസിലെത്തുന്നത്.
വിവാദ കത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. അവധിയിലുള്ള ക്രൈംബ്രാഞ്ച് മേധാവിയെ വെള്ളിയാഴ്ചയേ മടങ്ങിയെത്തൂ. ഇതിന് ശേഷമായിരിക്കും വിശദമായ അന്വേഷണം സംബന്ധിച്ച തീരുമാനങ്ങളുണ്ടാകുക.