ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റ് നോയിഡയിൽ ഒരു മലയാളി നഴ്‌സ് കോവിഡ് -19 ബാധിച്ചു മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ചുവാണ് മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് രഞ്ചു മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. രഞ്ജു കഴിഞ്ഞ മാസം ആണ് ഉത്തർപ്രദേശിൽ നഴ്‌സായി ജോലിക്ക് ചേർന്നത്. കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ ഏപ്രിൽ 17 ന് രഞ്ജു അതേ ആശുപത്രിയിൽ തന്നെ ചികിത്സ തേടി.
എന്നാൽ ആദ്യ രണ്ടാഴ്ച രഞ്ജുവിന് ചികിത്സ ലഭിച്ചില്ലെന്നും പിന്നീട് ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലായ ശേഷം മാത്രമാണ് അവൾക്ക് ചികിത്സ ലഭിച്ചത് എന്ന് രഞ്ജുവിന്റെ കുടുംബാംഗങ്ങൾ പറയുന്നു.
പിന്നീട് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ന്യൂമോണിയ ബാധിച്ചു ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. ചികിത്സക്കായി നാട്ടിലെത്തണമെന്നും മുഖ്യമന്ത്രിയെ വിവരങ്ങള്‍ അറിയിക്കണമെന്നും മരണത്തിന് മുമ്പ് രഞ്ചു ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്.




































