gnn24x7

സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് കൂടുതല്‍ പേര്‍ മരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് മന്ത്രി വീണാ ജോര്‍ജ് കത്തയച്ചു

0
334
gnn24x7

തിരുവനന്തപുരം സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് കൂടുതല്‍ പേര്‍ മരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് മന്ത്രി വീണാ ജോര്‍ജ് കത്തയച്ചു. പേവിഷബാധ പ്രതിരോധ വാക്‌സിന്‍റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. കേന്ദ്ര ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം വാക്‌സിന്‍റെ ഗുണനിലവാരം ഉറപ്പ് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്. കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും സെറവുമാണ് നായ്ക്കളില്‍ നിന്നുള്ള കടിയേറ്റ് ആശുപത്രികളില്‍ എത്തിയവര്‍ക്കും മരണമടഞ്ഞ അഞ്ച് പേര്‍ക്കും നല്‍കിയത്. 

വാക്‌സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളില്‍ ആശങ്കയുണ്ടെന്നും മന്ത്രി അറിയിച്ചു. ഉപയോഗിച്ച വാക്‌സിന്‍റെയും സെറത്തിന്‍റെയും കേന്ദ്ര ലാബിന്‍റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റും ബാച്ച് നമ്പറും ഉള്‍പ്പെടെയാണ് മന്ത്രി കത്തയച്ചത്. കെ.എം.എസ്.സി.എല്ലിനോട് വീണ്ടും വാക്‌സിന്‍ പരിശോധനക്കയയ്ക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പരിശോധന വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയില്‍ നായയുടെ കടിയേറ്റ 12കാരി അഭിരാമി പേവിഷ ബാധയേറ്റതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. വാക്സിനെടുത്തിട്ടും അഭിരാമിക്ക് പേവിഷ ബാധയേറ്റു. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് പേവിഷബാധ മൂലം 21 പേര്‍ മരണത്തിന് കീഴടങ്ങി. പേവിഷത്തിനെതിരെയുള്ള വാക്സീന്‍ സ്വീകരിച്ചിട്ടും ചിലര്‍ മരിച്ചത് ആശങ്കക്കിടയക്കായിരുന്നു. കടുത്ത വിമര്‍ശത്തിന് പിന്നാലെ പേവിഷ ബാധയെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here