gnn24x7

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും

0
311
gnn24x7

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പത്തിന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട  പ്രഖ്യാപനം ഉണ്ടാവുമെന്നുമാണ് അറിയുന്നത്.

21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.

ലോക്ക് ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കെയാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.

രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായിരുന്നു. ലോക്ക് ഡൗണില്‍ ചില മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കാന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ വേണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു.

മേഖലകള്‍ തിരിച്ച് ഘട്ടം ഘട്ടമായി ഇളവ് നല്‍കണമെന്നാണ് കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര, ദല്‍ഹി, യു.പി, പഞ്ചാബ്, ഒഡീഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്.

ഏപ്രില്‍ 31 വരെയെങ്കിലും ലോക്ക് ഡൗണ്‍ നീട്ടണമെന്നും രാജ്യത്താകമാനം ഈ തീരുമാനം നടപ്പിലാക്കണമെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തില്‍ തീരുമാനം എടുക്കരുതെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

ലോക്ക് ഡൗണ്‍ ഒറ്റഘട്ടമായി പിന്‍വലിക്കരുതെന്നും ഏപ്രില്‍ മാസം മുഴുവന്‍ ലോക്ക് ഡൗണ്‍ തുടരണമെന്നുമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ യോഗത്തില്‍ ആവശ്യപ്പെട്ടത്.

ലോക്ക് ഡൗണ്‍ നീട്ടണമെന്നും എന്നാല്‍ വ്യവസായ-കാര്‍ഷിക മേഖലകള്‍ക്ക് ചില ഇളവുകള്‍ ലഭ്യമാക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു.

ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ യോജിപ്പുണ്ടെന്നും കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നുമാണ് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പറഞ്ഞത്.

ലോക്ക് ഡൗണ്‍ നീട്ടിയാല്‍ പൂര്‍ണമായും സഹകരിക്കുമെന്ന് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, കേരള മുഖ്യമന്ത്രിമാരും അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here