ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും കമല്‍നാഥ് രാജിവെച്ചു. ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് വിശ്വാസ വോട്ടെടുപ്പിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ കമല്‍നാഥ് രാജി പ്രഖ്യാപിച്ചത്.
ഭോപ്പാലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. മധ്യപ്രദേശിന് പുതിയ ദിശയിലേക്ക് കൊണ്ടുപോകാന്‍ തനിക്ക് സാധിച്ചെന്നും 15 വര്‍ഷക്കാലം മധ്യപ്രദേശ് ഭരിച്ചിട്ടും ബി.ജെ.പിക്ക് സാധിക്കാത്തത് 15 മാസം കൊണ്ട് തനിക്ക് സാധിച്ചെന്നും കമല്‍നാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
”സത്യം പുറത്തുവരും. ഞങ്ങളുടെ എം.എല്‍.എമാരെ ബെംഗളൂരുവിലേക്ക് പിടിച്ചുകൊണ്ടുപോയി തടങ്കലില്‍ വെച്ചു. ഇതിന് പിന്നിലെ കാര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും. സത്യം പുറത്തുവരുന്ന ആ നാള്‍ ജനങ്ങള്‍ ബി.ജെ.പിയോട് ക്ഷമിക്കില്ല.
ബി.ജെ.പിയുടെ മാഫിയ രാജാണ് മധ്യപ്രദേശില്‍ നടക്കുന്നത്. ബി.ജെ.പി ജനങ്ങളെ കബളിപ്പിച്ചു. എന്റെ സര്‍ക്കാരിനെ താഴെയിറക്കിയത് അധികാരവും പണവും ഉപയോഗിച്ചാണ്. ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ അന്ന് മുതല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം അവര്‍ ആരംഭിച്ചിരുന്നു.
ജനാധിപത്യത്തെ കൊലപ്പെടുത്തുകയായിരുന്നു അവര്‍. നേരത്തെയു ഞങ്ങളുടെ അംഗബലം സഭയില്‍ തെളിയിച്ചതാണ്. എന്നാല്‍ എം.എല്‍.എമാരെ ഹാജരാക്കാന്‍ പോലും തയ്യാറാകാതെ ബി.ജെ.പി തരംതാഴ്ന്ന രാഷ്ട്രീയം കളിച്ചു.
ഏത് വഴിയിലൂടെയും അധികാരം പിടിച്ചെടുക്കുക എന്നത് മാത്രമാണ് അവരുടെ രീതി. ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ ഒരിക്കലും ബി.ജെ.പിക്ക് കഴിയില്ല”, കമല്‍നാഥ് പറഞ്ഞു.






































