ന്യൂദല്‍ഹി: സുപ്രീം കോടതിയുടെ 48ാമത്തെ ചീഫ് ജസ്റ്റിസായി എന്‍.വി രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ആറ് മിനുട്ട് മാത്രം നീണ്ടുനിന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ചുരുങ്ങിയ ആളുകൾ മാത്രമാണ് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തു.
ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് എസ്.എ. ബോബ്ഡെ വിരമിച്ച ഒഴിവിലേക്കാണ് എന്‍.വി രമണയുടെ നിയമനം. 2022 ഓഗസ്റ്റ് 26 വരെയുള്ള 16 മാസമാണ് എന്‍.വി രമണയുടെ ജുഡീഷ്യല്‍ സര്‍വീസ് കാലാവധി. അതേസമയം ചീഫ് ജസ്റ്റിസായി നിയമിതനായ ശേഷം ആദ്യം പരിഗണിക്കുന്ന കേസ് കേള്‍ക്കാന്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അവസരമുണ്ടാകാറുണ്ടെങ്കിലും കോവിഡ് വ്യാപന സാഹചര്യത്തില്‍ ഇതിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.






































