കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന വയനാട് കല്‍പറ്റ സ്വദേശി ആമിന(53)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
ദുബായില്‍നിന്ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിയ സംഘത്തിലുള്ള സ്ത്രീയാണ് മരിച്ചത്. ദുബായില്‍ സ്ഥിര താമസമാക്കിയ ഇവര്‍ അര്‍ബുദ ചികിത്സക്കായാണ് കേരളത്തിലേക്ക് വന്നത്. കേരളത്തിലെത്തിയ ഇവരെ മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍, എത്തിയ ഉടനെത്തന്നെ ഇവര്‍ക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് ഇവരെ മാറ്റിയത്.
അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ഇവര്‍ ചികിത്സയിലായിരുന്നു. അര്‍ബുദത്തെത്തുടര്‍ന്ന് വൃക്കയും കരളം തലച്ചോറും തകരാറിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശരീരത്തിന്റെ മിക്ക അവയവങ്ങളും പ്രവര്‍ത്തന രഹിതമായിരുന്നു.
അര്‍ബുദത്തോടൊപ്പം കൊവിഡ് കൂടി ബാധിച്ചത് ഇവരുടെ ആരോഗ്യസ്ഥിതി വഷളാക്കിയിരുന്നെന്നാണ് വിവരം.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇവരുടെ സംസ്‌കാരം നടത്തുന്ന കാര്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ തീരുമാനമെടുത്തുകൊണ്ടിരിക്കുകയാണ്. ആമിനയ്ക്ക് എവിടെനിന്നാണ് രോഗം വന്നത് ഇവരില്‍നിന്ന് ആര്‍ക്കെങ്കിലും രോഗം പടര്‍ന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണ്.
ആമിനയുടെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.