gnn24x7

ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിൽ

0
209
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളുടേയും ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിലേക്ക് കൊടുത്തുവിട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ്. ഓർഡിനൻസ് ലഭിച്ചതായി രാജ്ഭവൻ സ്ഥിരീകരിച്ചു. ഓർഡിനൻസുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അവ്യക്തതകൾക്ക് ഇതോടെ ഉത്തരമായി. തന്നെ ബാധിക്കുന്നത് ആയതിനാൽ ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് നേരത്തെ തന്നെ ഗവർണർ വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസ് രാജ്ഭവനിലേക്ക് എത്താൻ വൈകുന്നത് സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിന് അയച്ചാലും നിയമനിർമ്മാണവുമായി പിന്നോട്ട് പോകില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഓർഡിനൻസ് ഗവർണറുടെ പരിഗണനയിൽ ഇരുന്നാലും നിയമസഭ വിളിച്ചുചേർത്ത് ബിൽ അവതരിപ്പിച്ച് പാസാക്കുന്നതിന് തടസ്സമില്ലെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടാലും ഇല്ലെങ്കിലും നിയമനിർമ്മാണവുമായി മുന്നോട്ട് പോകുമെന്നാണ് നിയമവകുപ്പ് അറിയിക്കുന്നത്.

ഓർഡിനൻസിൽ ഇനി തീരുമാനമെടുക്കേണ്ടത് ഗവർണറാണ്. ഓർഡിനൻസ് ലഭിച്ചതായി രാജ്ഭവൻ സ്ഥിരീകരിച്ചെങ്കിലും ഗവർണർ ഇന്ന് തലസ്ഥാനത്തില്ല. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി അദ്ദേഹം തിരുവല്ലയിലേക്ക് തിരിച്ചിട്ടുണ്ട്. അവിടെ നിന്നും നെടുമ്പാശ്ശേരി വഴി അദ്ദേഹം ഡൽഹിയിലേക്ക് പോകും. ഈ മാസം 20ന് മാത്രമേ അദ്ദേഹം ഇനി സംസ്ഥാനത്ത് തിരിച്ചെത്തുകയുള്ളൂ. ഇത്രയും ദിവസം ഓർഡിനൻസിന്മേൽ തീരുമാനം എടുക്കാതിരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അത്തരത്തിൽ ഗവർണർ ഓർഡിനൻസിൽ തീരുമാനം എടുക്കാതിരുന്നാൽ നിയമനിർമ്മാണവുമായി മുന്നോട്ട് പോകുന്നതിൽ സർക്കാരിന് തടസ്സങ്ങളില്ല. എന്നാൽ ഇതിനിടയിൽ ഓർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചാൽ സഭാ സമ്മേളനം വിളിച്ച് ബിൽ അവതരിപ്പിക്കുന്നതിൽ തടസ്സമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here