
യുക്രെയ്നെതിരായ യുദ്ധത്തിൽ അയവുവരുത്താൻ മടിക്കുന്ന റഷ്യയ്ക്കുമേൽ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച കടുത്ത ഉപരോധം ഇന്ത്യൻ കമ്പനിക്കും തിരിച്ചടിയാകുന്നു. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് 49% ഓഹരി പങ്കാളിത്തമുള്ള നയാര എനർജിക്ക് എണ്ണ നൽകുന്നത് ഇറാഖും സൗദി അറേബ്യയും നിർത്തിവച്ചു. സൗദി ആരാംകോ, ഇറാഖിന്റെ പൊതുമേഖലാ എണ്ണക്കമ്പനിയായ സോമോ എന്നിവയാണ് നയാരയുമായുള്ള ഇടപാട് നിർത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ജൂലൈയിലാണ് റഷ്യയ്ക്കുമേൽ യൂറോപ്യൻ യൂണിയൻ കൂടുതൽ കർക്കശമായ ഉപരോധങ്ങൾ പ്രഖ്യാപിച്ചത്.
റഷ്യൻ എണ്ണയുടെ പരമാവധി വിലപരിധി ബാരലിന് 60 ഡോളറിൽ നിന്ന് 47.60 ഡോളറിലേക്ക് വെട്ടിക്കുറയ്ക്കുകയും ചെയ്തു. അതായത്, റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നവർ ഇതിലധികം വില നൽകിയാൽ അവർക്കുമേലും ഉപരോധം ഏർപ്പെടുത്തും. റഷ്യയുടെ വരുമാനത്തിന് തടയിടുകയാണ് ലക്ഷ്യം. റഷ്യൻ എണ്ണ ടാങ്കറുകൾക്കും ഉപരോധമുണ്ട്. റഷ്യൻ കമ്പനിക്ക് ഓഹരി പങ്കാളിത്തമുള്ള ഇന്ത്യയിലെ നയാരക്കും ഉപരോധം ബാധകമാണെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിരുന്നു.