gnn24x7

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി മരണപ്പെട്ടു; മൃതദേഹം കണ്ടെത്തിയത് 46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ 

0
150
gnn24x7

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം 46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നും കണ്ടെത്തി. 

മൂന്ന് ദിവസം മുമ്പ് രാവിലെ അമ്മയോട് യാത്ര പറഞ്ഞ് വീട്ടിൽ നിന്നും ജോലിക്കായി ഇറങ്ങിപ്പോയതാണ് ജോയി. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ കരാറെടുത്ത കമ്പനിയിലെ തൊഴിലാളിയാണ്. ദിവസക്കൂലിക്കാരനായ ജോയി ഏത് ജോലിക്ക് ആര് വിളിച്ചാലും പോകും ജോലിയില്ലാത്ത ദിവസം ആക്രി പെറുക്കി വിൽക്കും. തീർത്തും ദരിദ്രമായ ജീവിതസാഹചര്യത്തിൽ കൂടി കടന്നുപോകുന്ന ഈ കുടുംബത്തിന് വാസയോ​ഗ്യമായ വീടില്ല. വീട്ടിലേക്കുള്ള വഴി മോശമായതിനാൽ സഹോദരന്റെ വീട്ടിലാണ് ജോയിയും അമ്മയും താമസിക്കുന്നത്. ഈ കുടുംബത്തിന്റെയൊന്നാകെ കാത്തിരിപ്പ് വിഫലമാക്കി കൊണ്ടാണ് ജോയിയുടെ ദാരുണാന്ത്യം. 

യാതൊരു വിധത്തിലുമുള്ള സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് ജോയി തോട് വൃത്തിയാക്കാനിറങ്ങിയത്. കൂട്ടത്തിലുണ്ടായിരുന്ന തൊഴിലാളികളെ കരയ്ക്ക നിർത്തിയാണ് ജോയി തോട്ടിലിറങ്ങിയത്. പെട്ടെന്ന് വെള്ളം കുത്തിയൊഴുകി എത്തിയതിനെ തുടർന്ന് ജോയി ഒഴുകിപ്പോകുകയായിരുന്നു. ഇന്നലെ സ്കൂബാ ടീമും എൻഡിആർഎഫും നടത്തിയ തെരച്ചിലിൽ ജോയിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നും എത്തിയ നാവിക സേന സംഘാം​ഗങ്ങളും തെരച്ചിലിൽ പങ്കാളികളായിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7