തിരുവനന്തപുരം: പ്രശസ്ത കവയിത്രിയും സാമൂഹികപ്രവർത്തകയുമായ സുഗതകുമാരി അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാവിലെ 10.50ഓടെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന സുഗതകുമാരി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.
ശ്വാസകോശത്തിൽ ഗുരുതരമായ ന്യൂമോണിയ ബാധിക്കുകയും ഹൃദയം, വൃക്ക എന്നിവ തകരാറിലാകുകയും ചെയ്തതോടെയാണ് സുഗതകുമാരിയുടെ ആരോഗ്യനില വഷളായത്. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി. അദ്ധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായിരുന്ന ഹൃദയകുമാരി, കവിയും അദ്ധ്യാപികയുമായിരുന്ന സുജാത ദേവി എന്നിവർ സഹോദരിമാരാണ്.
അമ്പലമണി, ഗജേന്ദ്രമോക്ഷം, കാളിയ മര്‍ദ്ദനം, കൃഷ്ണ നീയെന്നെ അറിയില്ല, കുറിഞ്ഞിപ്പൂക്കള്‍, നന്ദി
ഒരു സ്വപ്നം, പവിഴമല്ലി, പെണ്‍കുഞ്ഞ്, രാത്രി മഴ എന്നിവയാണ് സുഗതകുമാരിയുടെ പ്രശസ്തമായ കവിതകൾ. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് അര്‍ഹയായിട്ടുണ്ട്. കൂടാതെ പദ്മശ്രീ, കേരളസാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, സരസ്വതി സമ്മാൻ, ബാല സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ സുഗതകുമാരിക്ക് ലഭിച്ചിട്ടുണ്ട്.