ചെന്നൈ: അതിവേഗത്തിലുള്ള രോഗവ്യാപനത്തിനൊപ്പം ആശങ്കയേറ്റി തമിഴ്നാട്ടിൽ കോവിഡ് മരണ നിരക്കും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 25 മരണങ്ങളും ചെന്നൈയിലാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 397 ആയി.
സംസ്ഥാനത്ത് ശനിയാഴ്ച 1,989 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന കേസുകളുടെ എണ്ണമാണിത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 42,687 ആയി.രോഗം സ്ഥിരീകരിച്ചവരിൽ 20 പേർ കേരളം ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. 13 പേർ വിദേശത്തു നിന്നെത്തിയവരാണ്. നിലവിൽ 18,878 പേർ ചികിത്സയിലുണ്ട്. 1,362 പേര്‍ രോഗമുക്തി നേടി. ഇതുവരെ 23,409 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. സംസ്ഥാനത്ത് ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. ചെന്നൈയിൽ കോവിഡ് ബാധിതർ 30,000 കടന്നു.
ചെന്നൈ നഗരത്തിലെ രാജീവ് ഗാന്ധി ഗവ. ആശുപത്രിയിൽ 10 ദിവസത്തിനിടെ 90 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോവിഡ് രോഗികളെ ചികിത്സിക്കാത്ത മറ്റ് വിഭാഗങ്ങളിലെ ഡോക്ടർമാർക്കും വൈറസ് ബാധയുണ്ടായതായി ഐ.എ.എൻ.എസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഡോക്ടർമാരുടെ ലഭ്യതക്കുറവ് കാരണം മറ്റ് സ്ഥലങ്ങളിൽനിന്നുള്ള 300 ഡോക്ടർമാരെ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിലെ കോവിഡ് വാർഡിൽ 500 കിടക്കകൾ കൂടി രണ്ടുദിവസത്തിനകം സജ്ജീകരിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന തമിഴ്നാട്ടിൽ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും വലിയ വെല്ലുവിളി നേരിടുകയാണ്.
മഹാരാഷ്ട്രയില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,427 പുതിയ കോവിഡ് 19 കേസുകള്‍. 113 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 1,04,568 ആയി ഉയര്‍ന്നു. മരണസംഖ്യ 3,830 ആണ്. 49,346 പേരാണ് മഹാരാഷ്ട്രയില്‍ രോഗമുക്തരായത്. 51,392 പേര്‍ ചികിത്സയിലുണ്ട്. ശനിയാഴ്ച മാത്രം മുംബൈയില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. ഇതുവരെ കോവിഡ് ബാധിച്ച് 26 പോലീസുകാരാണ് മുംബൈയില്‍ മരണപ്പെട്ടത്. സംസ്ഥാനത്താകെ 40 പോലീസുകാരും മരിച്ചു. നൂറുകണക്കിന് പേര്‍ ചികിത്സയിലാണ്.അതേസമയം, കര്‍ണാടകയില്‍ 308 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 6,824 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ മരണസംഖ്യ 81 ആണ്. 3,648 പേര്‍ രോഗമുക്തി നേടി.





































