മുംബൈ: തലശേരി സ്വദേശി മുംബൈയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. മുംബൈയില്‍ സാക്കിനാക്കയില്‍ താമസിച്ചുവരുന്ന അശോകന്‍ എന്നയാളാണ് മരണപ്പെട്ടത്. 63 വയസായിരുന്നു. വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.
തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വെച്ച് നടത്തിയ പരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിക്കുകയുമായിരുന്നു.
ഇന്നലെയാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.
ഇന്നാണ് പരിശോധനാഫലം പുറത്തുവന്നത്. ഇദ്ദേഹത്തിനൊപ്പം വീട്ടില്‍ ഭാര്യയും മക്കളും ഉണ്ട്. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
അതേസമയം ഡൈമേക്കിങ് ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് എവിടെ വെച്ച് കൊറോണ വൈറസ് ബാധിച്ചെന്ന കാര്യത്തില്‍ വ്യക്തതയില്ല. യാതൊരു രീതിയിലുള്ള വിദേശ പശ്ചാത്തലമോ വിദേശത്ത് നിന്ന് വന്നവരുമായോ ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വര്‍ഷങ്ങളായി മുംബൈയില്‍ താമസിച്ചുവരികയാണ് ഇദ്ദേഹം.
പുറത്ത് ആരുമായും ഇടപെടാത്ത വ്യക്തി ആയതുകൊണ്ട് തന്നെ എങ്ങനെ വൈറസ് ബാധിച്ചു എന്ന കാര്യത്തില്‍ അധികൃതര്‍ ആശങ്കയിലാണ്.
മലയാളികള്‍ ഏറെ താമസിക്കുന്ന മുംബൈയിലെ ഒരു ചേരി പ്രദേശമാണ് സാക്കിനാക്ക. അതിനാല്‍ തന്നെ ആശങ്കിയിലാണ് ജില്ലാ ഭരണകൂടം. നിലവില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മുംബൈയില്‍ 16 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. പൂനെയിലാണ് രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് ഇതോടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 320 ആയി.
12 പേരാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കൊവിഡ് മൂലം മരണപ്പെട്ടത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതില്‍ ഒരാള്‍ പൊലീസുകാരനാണ്. മുംബൈ സി.എസ്.ടി റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.





































