gnn24x7

വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

0
221
gnn24x7

കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. 11 ജില്ലകളിലൂടെ സർവീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസിന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്.

വന്ദേഭാരതിന്റെ സി1 കോച്ചിൽ കയറിപ്രധാനമന്ത്രി, സി2 കോച്ചിലെത്തി വിദ്യാർഥികളുമായി ആശയവിനിമയം നടത്തി. വിദ്യാർഥികൾ പ്രധാനമന്ത്രിക്ക് വിവിധ ഉപഹാരങ്ങൾ നൽകി. പ്രധാനമന്ത്രിക്കൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, തിരുവനന്തപുരം എം.പി. ശശി തരൂർ എന്നിവരും ഉണ്ടായിരുന്നു. മുണ്ടും ഷർട്ടുമായിരുന്നു പ്രധാനമന്ത്രിയുടെ വേഷം.

കൊച്ചിയിൽ നിന്ന് തിരുവനന്തപുരം വ്യോമസേനയുടെ ടെക്നിക്കൾ ഏരിയയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. 10.20ഓടെ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി, 10.50ഓടെയാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോയായാണ് അദ്ദേഹം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. വഴിയരികിൽ കാത്തുനിന്ന ബി.ജെ.പി. പ്രവർത്തകരെ അദ്ദേഹം കൈവീശി അഭിസംബോധന ചെയ്തു.

ഫ്ളാഗ് ഓഫിനും വിദ്യാർഥികളുമായുള്ള ആശയവിനിമയത്തിനും ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ കൊച്ചി വാട്ടർ മെട്രോയും വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗൽ സെക്ഷൻ റെയിൽപ്പാതയും നാടിന് സമർപ്പിക്കും. 3,200 കോടിയുടെ മറ്റു വികസനപദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.

നേമം, കൊച്ചുവേളി ടെർമിനൽ വികസനപദ്ധതിയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന മറ്റൊരു പദ്ധതി. തിരുവനന്തപുരം, കഴക്കൂട്ടം, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം- ഷൊർണൂർ മേഖലയിലെ തീവണ്ടിപ്പാതയിലെ വേഗവർധന, തിരുവനന്തപുരം ഡിജിറ്റൽ സയൻസ് പാർക്ക് എന്നീ പദ്ധതികൾക്ക് അദ്ദേഹം ശിലാസ്ഥാപനം നടത്തും. കൊച്ചിയിലെ 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോ, വൈദ്യുതീകരിച്ച ദിണ്ടുഗൽ- പഴനി- പാലക്കാട് തീവണ്ടിപ്പാത എന്നിവ നാടിന് സമർപ്പിക്കും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7