ന്യൂഡൽഹി: ഇന്ത്യയിൽ സമൂഹമാധ്യമങ്ങൾക്ക് മെയ് 26 നിർണായകദിനം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവ പുതിയ ഇടനില മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നിരോധനം നേരിടേണ്ടിവരും. സർക്കാർ നിശ്ചയിച്ച മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി മെയ് 25 ന് അവസാനിക്കും, എന്നാൽ ഇതുവരെ വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളൊന്നും പുതിയ ചട്ടങ്ങൾ പാലിച്ചിട്ടില്ല. പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിന് 2021 ഫെബ്രുവരിയിൽ ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (എംഐടി) സോഷ്യൽ പ്ലാറ്റ്‌ഫോമുകൾക്ക് മൂന്ന് മാസത്തെ സമയം നൽകിയിരുന്നു.
ട്വിറ്ററിന് സമാനമായ ഇന്ത്യൻ സമൂഹ മാധ്യമമായ കൂ മാത്രമാണ് നിലവില്‍ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങൾക്ക് ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം മുന്നോട്ടുവച്ച പ്രധാന നിര്‍ദേങ്ങളിലൊന്ന് ഇന്ത്യയില്‍നിന്ന് കംപ്ലയിന്‍സ് ഓഫിസര്‍മാരെ നിയമിക്കണമെന്നായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ ഇതു നീക്കം ചെയ്യുന്നതിനും അധികാരം നല്‍കും. സമൂഹ മധ്യമങ്ങൾക്കു പുറമെ, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാക്കിയിരുന്നു.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം ഉൾപ്പെടെയുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ ഇന്ത്യ ആസ്ഥാനമായി ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കേണ്ടതുണ്ട്, അവർ പരാതികൾ ശ്രദ്ധിക്കുകയും 15 ദിവസത്തിനുള്ളിൽ പ്രവർത്തിക്കുകയും ചെയ്യും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സ്വയം നിയന്ത്രണ കോഡ് ഇല്ലെന്നാണ് സർക്കാരിന്റെ നിലപാട്. അതിനാൽ, കമ്പനികൾ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തുകയും ഉള്ളടക്കം നിയന്ത്രിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കുകയും വേണം.
സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളുടെ സംരക്ഷണവും പദവിയും നഷ്ടമാകുമെന്നും നിയമങ്ങള്‍ പാലിക്കാത്തിനാൽ ക്രിമിനൽ നിയമ നടപടികള്‍ ഉണ്ടാകുമെന്നുമാണ് സൂചന.




































