ലൈംഗികാരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു. രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് യുവതി പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ യുവതി സെക്രട്ടറിയേറ്റില്‍ കുഴഞ്ഞുവീണു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കുഴഞ്ഞുവീണത്. ബന്ധുക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലെ അതിക്രമത്തിന് എതിരെയും പരാതി നല്‍കി. സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടക്കുന്നതായാണ് യുവതി പരാതിയില്‍ പറയുന്നത്.
നേരത്തെ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില്‍ പറയൂ, അതല്ലാതെ എന്നോട് വന്ന് ചോദ്യങ്ങള്‍ ചോദിക്കരുത് എന്നായിരുന്നു. ‘ഹൂ കെയേഴ്‌സ്’ എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തുന്നതിനിടെ, പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് സ്ഥാനാർത്ഥികൾക്കും പാലക്കാട്ടുകാർക്കും ഇല്ലാത്ത പ്രശ്‌നം മാധ്യമങ്ങൾക്ക് വേണ്ട എന്നായിരുന്നു ധാർഷ്ട്യത്തോടെയുളള രാഹുലിന്റെ മറുപടി.


































