വനിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും. അതേ സമയം ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് പുതിയ പാർലമെന്റ് മന്ദിരം തുറന്നു.
ചരിത്രപരമായ തീരുമാനം പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ ഉണ്ടാകുമെന്ന് മോദി നേരത്തേ വ്യക്തമാക്കിയിരുന്നു. ആ പ്രഖ്യാപനം വനിത ബില്ല് വഴി യാഥാർത്ഥ്യമായി. വനിത സംവരണ ബില്ലിൽ നാളെ ലോക്സഭയിൽ ചർച്ച നടത്തി അത് പാസ്സാക്കും. നേരത്തെ സഭ പാസാക്കിയ ബിൽ നിലവിലിരിക്കെ പുതിയ ബില്ലിൽ സാങ്കേതിക പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ബഹളംവെച്ചു.
വനിതാ സംവരണം നിലവിൽ വന്നാൽ ലോക്സഭയിലെ വനിതാ എം.പിമാരുടെ എണ്ണം 82ൽ നിന്ന് 181 ആയി ഉയരുമെന്ന് നിയമമന്ത്രി അർജുൻ റാം മേഘ്വാൾ പറഞ്ഞു. ബിൽ നിയമമാകുന്നതോടെ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ സുപ്രധാന നാഴികകല്ലായി മാറും. എന്നാൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. അതേസമയം രാജ്യസഭയിലും സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലുകളിലും വനിതാ സംവരണം ഉണ്ടാകില്ല.
നിയമനിർമാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ മൂന്നിലൊന്ന് സീറ്റിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണബിൽ. അതുവഴി ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാകും. ബിൽ പ്രകാരം പട്ടിക ജാതി-വർഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കായി മാറ്റിവെക്കണം. ഈ സംവരണ സീറ്റുകൾ ചാക്രിക ക്രമത്തിൽ മാറും. യു.പി.എ. ഭരണകാലത്ത് 2008-ൽ കൊണ്ടുവന്ന ബിൽ 2010-ൽ രാജ്യസഭ പാസാക്കിയിരുന്നു. പിന്നീട് പത്തുവർഷത്തിലേറെയായിട്ടും ബിൽ ലോക്സഭയിൽ വന്നില്ല.
ഭരണഘടനയുടെ 108-ാം ഭേദഗതി ബിൽ എന്നറിയപ്പെടുന്ന ഈ ബിൽ 2008-ലാണ് തയ്യാറാക്കിയതെങ്കിലും 2010-ലാണ് രാജ്യസഭ പാസാക്കിയത്. രാജ്യസഭയിൽ അന്ന് നടന്ന ബിൽ ചർച്ചയ്ക്കിടയിൽ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ള സമാജ്വാദി പാർട്ടി, ബി.എസ്.പി. ഉൾപ്പെടെയുള്ളവർ എതിർപ്പുയർത്തി ബില്ലിന്റെ പ്രതികൾ കീറിയെറിഞ്ഞിരുന്നു. വനിതാസംവരണത്തിനുള്ളിൽ ജാതി സംവരണം വേണമെന്നായിരുന്നു ഈ പാർട്ടികളുടെ വാദം. രാഷ്ട്രീയ എതിർപ്പ് രൂക്ഷമായതിനെത്തുടർന്ന് ലോക്സഭ ബിൽ പിന്നീട് പരിഗണിച്ചിരുന്നില്ല. വർഷങ്ങൾക്കുശേഷമാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ അവതരിപ്പിക്കുന്ന ആദ്യ ബില്ലായി എത്തുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






