കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിൽ എറണാകുളം എസിപിയാണ് സൂരജ് പാലാക്കാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാതീയമായി അധിക്ഷേപിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിവയാണ് ചുമത്തിയാണ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ ഉടന്‍ കോടതിയിൽ ഹാജരാക്കു൦.
കൊച്ചി പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുത്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് സൂരജ് പാലാക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങിയത്. കോടതിയെ ബഹുമാനിക്കുന്നുവെന്നും തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ല എന്നും സൂരജ് പാലാക്കാരൻ പ്രതികരിച്ചു. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ ഇടുക്കി അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തു എന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്. ഈ കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്. സൂരജിനെതിരെ പട്ടികജാതി പട്ടികവർഗ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകൾ നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഡിജിറ്റൽ മാധ്യമങ്ങൾ വഴി മോശം പരാമർശങ്ങൾ നടത്തുന്നത് കുറ്റകരമെന്ന നിരീക്ഷണത്തോടെയാണ് സിംഗിൾ ബെഞ്ച് മുൻകൂർ ജാമ്യം നിഷേധിച്ചത്.







































