gnn24x7

ലോക്ക് ഡൗണ്‍ കാലത്ത് ബൈജൂസ് പുതുതായി കൂട്ടിച്ചേര്‍ത്തത് 1.35 കോടി ഉപഭോക്താക്കളെ

0
314
gnn24x7

കോവിഡ് കാലത്ത് പല കമ്പനികളും നിലനില്‍പ്പിനായി പോരാടുമ്പോള്‍ ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമായ ബൈജൂസിനെ സംബന്ധിച്ച് തിരക്കേറിയ മൂന്നു മാസങ്ങളായിരുന്നു ഇത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മാത്രം ബൈജൂസ് പുതുതായി കൂട്ടിച്ചേര്‍ത്ത് 1.35 കോടി ഉപഭോക്താക്കളെ.

ബൈജൂസിന്റെ സഹസ്ഥാപകയും ഡയറക്ടറുമായ ദിവ്യ ഗോകുല്‍നാഥ് ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.

 ലോക്ക് ഡൗണിന് ശേഷം എല്ലാവര്‍ക്കും കണ്ടന്റുകള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന പ്രഖ്യാപനമാണ് 800 കോടി ഡോളര്‍ മൂല്യമുള്ള ബൈജൂസിന്റെ ഉപയോക്താക്കളുടെ എണ്ണത്തില്‍ പെട്ടെന്ന് വര്‍ധനയുണ്ടാക്കിയത്. ഭാവിയില്‍ ഈ ഉപഭോക്താക്കളെല്ലാം തന്നെ പണം നല്‍കി സേവനം ഉപയോഗപ്പെടുത്തുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ തന്നെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കുള്ളത്.

മാര്‍ച്ച് 2020 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസിന്റെ വരുമാനം ഇരട്ടി വര്‍ധിച്ച് 2800 കോടി രൂപയായതായി ദിവ്യ പറയുന്നു. ഇതാണ് അഞ്ച് കോടി ഉപഭോക്താക്കള്‍ക്ക് കണ്ടന്റുകള്‍ സൗജന്യമായി ലഭ്യമാക്കാന്‍ ബൈജൂസിനെ പ്രാപ്തമാക്കിയതെന്നും അവര്‍ വ്യക്തമാക്കുന്നു.

അഞ്ച് കോടി ഉപഭോക്താക്കളാണ് ഈ സ്റ്റാര്‍ട്ട്പ്പ് കമ്പനിക്കുള്ളത്. ഇതില്‍ 35 ലക്ഷം മാത്രമാണ് പണമടച്ച് സേവനങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ എന്‍ഗേജ്‌മെന്റ് നിരക്കാണ് ഈ കണക്കുകളില്‍ വ്യത്യാസം ഉണ്ടാക്കുന്നത്. നേരത്തെ കുട്ടികള്‍ ഓരോ സെഷനിലും 70 മിനിറ്റ് ആപ്പ് ഉപയോഗിക്കുകയും ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ആപ്പിലേക്ക് തിരിച്ചു വരികയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓരോ ദിവസവും 100 മിനിറ്റ് കുട്ടികള്‍ ആപ്പില്‍ ചെലവഴിക്കുന്നു. ” 85 ശതമാനം വിദ്യാര്‍ത്ഥികളും വര്‍ഷാവര്‍ഷം കോഴ്‌സുകള്‍ പുതുക്കുന്നുണ്ട്. രക്ഷിതാക്കള്‍ക്ക് ഇത് ഫലപ്രദമാണെന്ന് തോന്നുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്”. വിദ്യ പറയുന്നു.

കോവിഡ് കാലത്തും വിശ്രമമില്ല!

രാജ്യം മാര്‍ച്ച് 25 നാണ് ലോക്ക് ഡൗണിലേക്ക് പോയതെങ്കിലും ഫെബ്രുവരി മുതല്‍ ഇതേകുറിച്ചുള്ള പഠനത്തിലായിരുന്നു ദിവ്യയും ഭര്‍ത്താവ് ബിജുവും. ” പ്രഥാമികമായി ഞങ്ങള്‍ ഇരുവരും അധ്യാപകരാണ്. അതുകൊണ്ടു തന്നെ ക്ലാസുകളുടെ ഗുണമേന്മയെ കുറിച്ച് വളരെ കര്‍ക്കശരാണ്. ബൈജൂസിന്റെ ടോപ്പ് മാനേജ്‌മെന്റിലുള്ളവരെല്ലാം തന്നെ അധ്യാപകരും ആപ്പില്‍ ക്ലാസുകള്‍ എടുക്കുന്നവരുമാണ്”. ദിവ്യ പറയുന്നു.

കോവിഡ് കാലത്ത് മൂന്നു പുതിയ ഫീച്ചറുകളാണ് ബൈജൂസ് അവതരിപ്പിച്ചത്. ലൈവ് ക്ലാസുകള്‍ തുടങ്ങി, സോഷ്യല്‍ സ്റ്റഡീസ് പോലുള്ള പുതിയ സബ്ജക്ടുകളില്‍ കൂടി ക്ലാസുകള്‍ ആരംഭിച്ചു. പിന്നെ വിവിധ ഭാഷകളില്‍ ആപ്പ് അവതരിപ്പിച്ചു. അതായത് കോവിഡ് കാലത്തും വിശ്രമമില്ലാതെയാണ് ബൈജൂസിന്റെ ടീം പ്രവര്‍ത്തിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഈ മൂന്നു ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ കഠിനമായ പരിശ്രമം തന്നെ ടീം നടത്തി.

നൂറു ശതമാനം ഓണ്‍ലൈന്‍ ആകില്ല

ഓണ്‍ലൈന്‍ ലേണിംഗ് ആപ്പിന്റെ തലപ്പത്താണെങ്കിലും വിദ്യാഭ്യാസം 100 ശതമാനം ഓണ്‍ലൈന്‍ ആയിരിക്കില്ലെന്നാണ് ദിവ്യ പറയുന്നത്. എന്നാല്‍ സ്‌കൂള്‍ കരിക്കുലത്തില്‍ ഓണ്‍ലൈന്‍ ലേണിംഗ് കൂടി കൂട്ടിച്ചേര്‍ക്കപ്പെടും. ”രണ്ടും സംയോജിപ്പിച്ചുകൊണ്ടുള്ള പഠന രീതിയായിരിക്കും ഭാവിയില്‍ ഉണ്ടാകുക. ബാക്ക് ബെഞ്ചേഴ്‌സ് എന്ന ആശയവും ഇനിയുണ്ടാകില്ല. എല്ലാ കുട്ടികളും ഫ്രണ്ട് സീറ്റിലേക്ക് എത്തുകയാണ് ഓണ്‍ലൈന്‍ ലേണിംഗില്‍. മാത്രമല്ല, കുട്ടികള്‍ക്ക് സ്വയം പഠിക്കാനുള്ള അവസരം കൂടി ഇതുവഴി ലഭിക്കുകയാണ്.” ദിവ്യ പറയുന്നു.

ഡെക്കാക്കോണ്‍ പദവിയിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് ബൈജൂസ് ഇപ്പോള്‍. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ആയിരം കോടി ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളാണ് ഡെക്കാകോണ്‍ എന്നറിയപ്പെടുന്നത്. എന്നാല്‍ ഇതേകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ദിവ്യ ബിസിനസ് ഇന്‍സൈഡറിനോട് വെളിപ്പെടുത്തിയില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here