ഇൻഡോർ: ഫൂട്ട്പാത്തിലെ അരണ്ട വെളിച്ചത്തിൽ ഇരുന്ന് പഠിച്ച് പത്താം ക്ലാസിൽ ഉന്നത വിജയം നേടി വിദ്യാർത്ഥിനി. ഇൻഡോറിലെ ദിവസ വേതന തൊഴിലാളികളാണ് ഭാരതി കണ്ഡേക്കറിന്റെ മാതാപിതാക്കൾ. സ്വന്തമായി വീടില്ലാത്ത ഭാരതിയുടെ കുടുംബം ഫൂട്പാത്തിലാണ് ജീവിച്ചിരുന്നത്.
രണ്ട് സഹോദരന്മാർക്കും രക്ഷിതാക്കൾക്കുമൊപ്പം ഫൂട്ട്പാത്തിലാണ് ഭാരതിയുടെ ജീവിതം. പത്താം ക്ലാസിൽ ഉയർന്ന മാർക്ക് നേടിയതോടെ പെൺകുട്ടിയെ കുറിച്ച് നാട് അറിഞ്ഞു തുടങ്ങി. ഇതോടെ സഹായവുമായി മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരും രംഗത്തെത്തി.
മികച്ച വിദ്യാർത്ഥിക്ക് അടച്ചുറപ്പുള്ള വീടാണ് മുൻസിപ്പൽ അധികൃതര‍് സമ്മാനിച്ചത്. പത്താം ക്ലാസിൽ 68 ശതമാനം മാർക്കാണ് പ്രതിസന്ധികളോട് പോരടിച്ച് ഭാരതി നേടിയത്. വീട് നൽകുക മാത്രമല്ല, ഭാരതിയുടെ തുടർ വിദ്യാഭ്യാസം സൗജന്യമാക്കുക കൂടി ചെയ്തു അധികൃതർ.
പഠിച്ച് ഐഎഎസ് ഉദ്യോഗസ്ഥയാകണമെന്നാണ് ഭാരതിയുടെ ആഗ്രഹം. പ്രതിസന്ധികൾക്കിടയിലും തന്റെ വിദ്യാഭ്യാസത്തിന് വേണ്ടി പരിശ്രമിച്ച മാതാപിതാക്കൾക്കാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ഭാരതി പറയുന്നു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരമാണ് ഒറ്റ മുറി ഫ്ലാറ്റ് ഭാരതിക്കും കുടുംബത്തിനും അധികൃതർ നൽകിയത്. വാർത്ത പുറത്തു വന്നതോടെ ഭാരതിക്ക് അഭിനന്ദനവുമായി നിരവധി പേരാണ് എത്തുന്നത്. ഒപ്പം സർക്കാർ തീരുമാനത്തെ അഭിനന്ദിക്കാനും നെറ്റിസൺസ് മറന്നില്ല.