‘ചക്ക’, ഈ കൊറോണ ലോക്ക്ഡൌൺ കാലത്ത് മലയാളികൾ കൂടുതൽ കഴിച്ചതും, ഏറ്റവും ട്രോളുകൾ ഇറങ്ങിയതും ഈ ചക്കയുടെ പേരിലായിരിക്കും. ചക്ക പുഴുക്ക്, ചക്ക വരട്ടിയത്, ചക്കക്കുരു ഷേക്ക് തുടങ്ങി നിരവധി ചക്ക വിഭവങ്ങൾ ഈയിടെ നമ്മൾ പരീക്ഷിച്ചു. എന്നാൽ ചക്ക പറിക്കുന്ന കാര്യത്തിൽ ഇത്തിരി ബുദ്ധിമുട്ടുകൾ നമ്മൾ നേരിട്ടിട്ടുണ്ടാവും. കാരണം നല്ല ഉയരങ്ങളുള്ള പ്ലാവുകളാണെകിൽ അതിലെ ചക്ക പരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
എന്നാൽ ഈ ബുദ്ധിമുട്ട് നിസ്സാരമായി പരിഹരിച്ചിരിക്കുകയാണ് തൃക്കണ്ണമംഗലിലേ ജോണി ചെക്കാല. തന്റെ എൻജിനീയറിങ്ങിൽ മികവ് വീട്ടിൽ തന്നെ പരീക്ഷിച്ചു വിജയം കൈവരിച്ചിരിക്കുകയാണ് അദ്ദേഹം. കാര്യം മറ്റൊന്നുമല്ല വീട്ടിൽ ഏകദേശം അഞ്ചിലധികം പ്ലാവുകളുണ്ട് പറമ്പിലെ അഞ്ചു തേൻവരിക്കപ്ലാവിനെയും കോർത്തിണക്കി നടപ്പാലം പണിതിരിക്കുകയാണ് ജോണി. വീട്ടുമുറ്റത്തുനിന്ന് പ്ലാവിൻമുകളിലേക്ക് സ്ത്രീകൾക്കും കുട്ടികൾക്കുപോലും നടന്നുകയറാം.
പ്ലാവിന്റെ ഏറ്റവുമുയരത്തിൽ ഉണ്ടാകുന്ന തേൻവരിക്കപോലും പാലത്തിൽനിന്ന് പറിച്ചെടുക്കാം. അഞ്ചാംപ്ലാവിനുമുകളിൽ കാവൽമാടം പോലെയുള്ള നിർമിതിയുമുണ്ട്. വേനൽക്കാലത്ത് വിശ്രമിക്കാനും വേണമെങ്കിൽ പ്രാർഥിക്കാനുമുള്ള ഇടം. പാലം ഇവിടം കൊണ്ടുനിർത്താൻ ജോണിക്ക് ഉദ്ദേശ്യമില്ല. പറമ്പിലുള്ള മറ്റു തേൻവരിക്ക പ്ലാവുകളിലേക്കും നീട്ടാനാണ് താത്പര്യം.
സർക്കാർ സർവീസിൽ എൻജിനിയറായിരുന്ന ജോണി വിവിധയിടങ്ങളിലെ നിർമാണ അവശിഷ്ടങ്ങളായ കമ്പികളുപയോഗിച്ചാണ് പാലം നിർമിച്ചത്. വീഴുമെന്ന ഭയംവേണ്ട. ഇരുമ്പ് പൈപ്പുകൊണ്ട് കൈവരിയുണ്ട്. കൂടാതെ, പ്ലാവിന്റെ ചില്ലകളും പാലത്തിനു താങ്ങാണ്. ചിലയിടങ്ങളിൽ സുരക്ഷയ്ക്കായി പ്ലാവിൻ ചില്ലകളിൽ ഇരുമ്പു കൊളുത്തിട്ടു ബലപ്പെടുത്തിയിട്ടുമുണ്ട്. ചക്കയിടാൻ വന്നിരുന്ന അയൽവാസിയായ ബാലൻ വരാതായതോടെയാണ് ആരെയും ആശ്രയിക്കാതെയുള്ള ബദൽ ആലോചിച്ചതും പാലം പിറന്നതും.