പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ പസിഫിക് സമുദ്രത്തിൻറെ അടുത്തായി ഒരു ചെറു തടാകമുണ്ട്. 600 മീറ്റർ നീളത്തിലും 250 മീറ്റർ വീതിയിലും സ്ഥിതിചെയ്യുന്ന ഹില്ലിയർ എന്നു പേരുള്ള ഈ തടാകം സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്നത് അതിന്റെ നിറം കൊണ്ടാണ്. ഇളം പിങ്ക് നിറത്തിൽ അതിമനോഹരമായ ഒരു തടാകമാണിത്.
1802 ൽ സമുദ്ര പര്യവേഷകനായ മാത്യു ഫ്ളിന്റർസ് ആണ് തടാകം ആദ്യമായി കണ്ടെത്തിയത്. പര്യവേഷണത്തിനിടെ മരണപ്പെട്ട തന്റെ സംഘത്തിലെ അംഗമായ വില്യം ഹില്ലിയറുടെ പേര് തടാകത്തിന് നൽകിയതും മാത്യു ഫ്ളിന്റർസ് ആണ്.
സമുദ്രത്തിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ഈ തടാകത്തിന് പിങ്ക് നിറം എങ്ങനെ വന്നു എന്നതിനെ സംബന്ധിച്ച് ധാരാളം പഠനങ്ങൾ നടന്നിരുന്നു. തടാകത്തിൽ ഉയർന്നതോതിൽ ലവണാംശമുള്ളതുകൊണ്ടായിരിക്കാം പിങ്ക് നിറം ലഭിച്ചത് എന്ന നിഗമനത്തിലാണ് ഗവേഷകരെത്തിയത്. ഈ ലവണാംശം തടാകത്തിലെ ചില പ്രത്യേകതരം സൂക്ഷ്മാണുക്കളുമായി ചേരുന്നതിന്റെ ഫലമായാണ് ഈ നിറത്തിൽ കാണപ്പെടുന്നതെന്നായിരുന്നു കണ്ടെത്തൽ.
തടാകത്തിൽ കാണപ്പെടുന്ന ഡുണാലിയല്ല സലൈന ( Dunaliella salina) എന്ന മൈക്രോ ആൽഗകൾക്ക് ഉയർന്ന സാന്ദ്രതയിലുള്ള ലവണാംശം സ്വാംശീകരിക്കാനുള്ള കഴിവുണ്ട്. അന്തരീക്ഷത്തിലെ ചുവപ്പ് ഓറഞ്ച് എന്നീ നിറങ്ങളാണ് ഊർജം ഉൽപാദിപ്പിക്കുന്നതിനായി ഇവ ഉപയോഗിക്കുന്നത്. ഇൗ നിറങ്ങൾ പ്രതിഫലിപ്പിക്കുന്നതിനാലാണ് തടാകത്തിലെ ജലം പിങ്ക് നിറത്തിൽ കാണപ്പെടുന്നത്.
കാലാവസ്ഥയിലെ മാറ്റങ്ങളൊന്നും തടാകത്തിന്റെ നിറത്തെ ബാധിക്കാറില്ല. തടാകത്തിൽ ഇറങ്ങുന്നതു കൊണ്ടോ നീന്തുന്നത് കൊണ്ടോ ആരോഗ്യ പ്രശ്നങ്ങളുണ്ടാവില്ലെന്ന് പിങ്ക് തടാകത്തിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ പറയുന്നു. തൊട്ടടുത്തുനിന്ന് കാണുന്നതിനേക്കാൾ തടാകത്തിന്റെ ആകാശ ദൃശ്യമാണ് സഞ്ചാരികൾക്ക് ഏറെ കൗതുകമുണർത്തുന്നത്.