തിരുവനന്തപുരം: ചാനൽ പരിപാടിയ്ക്കിടെ ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കാനെത്തിയ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ച് ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്ന് പരാതി പറഞ്ഞത്.
പരാതി കേട്ട ജോസഫൈന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് ലെബീനയോട് അന്വേഷിച്ചു. എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും പറഞ്ഞ ലെബീനയോട് പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോ എന്നാണ് ജോസഫെന്‍ പ്രതികരിച്ചത്.
വേണമെങ്കില്‍ കമ്മീഷനില്‍ പരാതി നല്‍കിക്കോളൂ എന്നാല്‍ സ്ത്രീധനം തിരിച്ചുകിട്ടണമെങ്കില്‍ നല്ലൊരു വക്കീലിനെ വെച്ച് കുടുംബകോടതിയെ സമീപിക്കണമെന്ന് പിന്നീട് ജോസഫൈന്‍ പറഞ്ഞു. ഭര്‍തൃപീഡനത്തിന് ഇരയായ ആളോടുള്ള ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.






































