അട്ടപ്പാടിയെക്കുറിച്ച് പുറംലോകം പൊതുവേ അത്ര നല്ല വാർത്തകളൊന്നുമല്ല അധികവും കേട്ടിട്ടുണ്ടാവുക. നല്ല വാർത്തകൾ പലതും മുങ്ങിപ്പോവുകയാണ് പതിവ്. ആദിവാസി വിഭാഗത്തിൽ ഉൾപ്പെട്ടവർക്കായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടക്കുന്ന ഒരു നാടാണ് അട്ടപ്പാടി. ആദിവാസി വിഭാഗത്തിൽപ്പെട്ട നിരവധി സർക്കാർ ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. പരിമിതികളോട് പൊരുതി… ജീവിതവിജയം നേടിയ അവരിൽ പലരും വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്യുന്നു. അതിൽ പ്യൂൺ മുതൽ ഡോക്ടർമാർ ആയവർ വരെയുണ്ട്.
ഇപ്പോഴിതാ അട്ടപ്പാടി കണ്ടിയൂർ ആദിവാസി ഊരിൽ നിന്നും ഇല്ലായ്മകളോട് പൊരുതി… വിജയം നേടിയ സർക്കിൾ ഇൻസ്പെക്ടർ കെ.കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറാണ് കെ. കൃഷ്ണൻ.
കോളേജ് പഠനകാലത്ത് സാമ്പത്തികപ്രയാസം കാരണം ടാറിംഗ് പണിക്ക് പോയ അതേ സ്ഥലത്തെ സർക്കിൾ ഇൻസ്പെക്ടറായി ജോലി ചെയ്യുന്നതിന്റെ സന്തോഷമാണ് സി.ഐ കെ.കൃഷ്ണൻ അഭിമാനത്തോടെ പങ്കു വെയ്ക്കുന്നത്. ടൂറിനെന്ന പേരിൽ ക്ലാസിൽ നിന്നും മുങ്ങി റോഡ് ടാറിംഗ് പണിക്ക് പോയതും അവിടുത്തെ സഹ തൊഴിലാളികളുടെയും മുതലാളിയുടെയുമൊക്കെ സ്നേഹവും ഇദ്ദേഹം ഓർത്തെടുക്കുന്നു. ജീവിതത്തിൽ നിന്നും ഒളിച്ചോടൽ ഒന്നിനും പരിഹാരമല്ല എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് കേരള പൊലീസിന്റെ മീഡിയ സെന്റർ പേജ് ഷെയർ ചെയ്തു.
പത്താം ക്ലാസിൽ കഷ്ടിച്ച് ജയിച്ചു; പ്രീഡിഗ്രിയിൽ പഠനം നിർത്തി…
കൃഷ്ണന്റേത് പോരാട്ടംഅട്ടപ്പാടി കണ്ടിയൂർ ആദിവാസി ഊരിലെ കാളി മൂപ്പന്റെയും വേന്തി മൂപ്പത്തിയുടെയും ആറു മക്കളിൽ അഞ്ചാമനാണ് കൃഷ്ണൻ. ചെറുപ്പത്തിലേ പൊലീസാവണം എന്നതായിരുന്നു ആഗ്രഹം. മുക്കാലിയിലെ അട്ടപ്പാടി ആദിവാസി ഹൈസ്ക്കൂളിൽ പഠിച്ച കൃഷ്ണൻ 1996ലാണ് പത്താംക്ലാസ് ജയിക്കുന്നത്. അന്ന് പരീക്ഷ എഴുതിയ 38 പേരിൽ മൂന്നുപേരാണ് ആ സ്കൂളിൽ ജയിച്ചത്. അതിലൊന്ന് കൃഷ്ണനാണ്. മറ്റു രണ്ടുപേർ ഒരാൾ തമ്പി, മറ്റൊരാൾ ശിവലിംഗം. ഇവർ മൂന്നുപേരും സർക്കാർ സർവീസിലുണ്ട്. കൃഷ്ണൻ പൊലീസും തമ്പി അധ്യാപകനും ശിവലിംഗം ഐടിഐ ജീവനക്കാരനും.
കോളേജ് പഠനം വിക്ടോറിയയിൽ
പാലക്കാട് വിക്ടോറിയ കോളേജിൽ സെക്കൻഡ് ഗ്രൂപ്പ് എടുത്ത് പഠിച്ച കൃഷ്ണൻ രണ്ടാംവർഷം പഠനം നിർത്തി. വീട്ടിലെ സാഹചര്യങ്ങൾക്ക് പുറമേ കോളേജിൽ നേരിടേണ്ടി വന്ന റാഗിംഗും മറ്റുമായിരുന്നു ഇതിന് കാരണമായത്. കുറച്ച് കാലം മാറി നിന്നെങ്കിലും അങ്ങനെ തോറ്റ് പിന്മാറാൻ കൃഷ്ണൻ ഒരുക്കമായിരുന്നില്ല. പരീക്ഷ എഴുതി പ്രീഡിഗ്രി സെക്കൻഡ് ക്ലാസോടെ പാസായി. അതേ കോളേജിൽ ബി.എ എക്കണോമിക്സിന് ചേർന്നു. പിന്നീട് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും നേടി. ഈ കാലയളവിലാണ് സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം തേടി കോളേജിൽ നിന്നും ടൂറിനെന്ന പേരിൽ മുങ്ങി ടാറിംഗ് പണിക്ക് പോയത്.
2007ൽ കോളേജിൽ നിന്നും പഠനം പൂർത്തിയായി ഇറങ്ങിയ ഉടൻ തന്നെ എസ്.ഐ സെലക്ഷൻ കിട്ടി, പരിശീലനത്തിന് പോയി. സിവിൽ സർവ്വീസ് പരീക്ഷ ഏഴുതവണ എഴുതി ശ്രമം നടത്തിയിട്ടുണ്ട്. ഇതിനിടെ പഞ്ചായത്ത് സെക്രട്ടറിയായി നിയമനം ലഭിച്ചിരുന്നു. എന്നാൽ, പൊലീസാവുക എന്നതായിരുന്നു കൃഷ്ണന്റെ സ്വപ്നം.
2009ൽ എസ്.ഐ കൃഷ്ണന് നാടിന്റെ സല്യൂട്ട്
പരിശീലനം പൂർത്തിയാക്കി 2009ലാണ് കൃഷ്ണൻ എസ്.ഐയായി സർവ്വീസിൽ കയറുന്നത്. ആദിവാസി വിഭാഗത്തിൽ നിന്നും അട്ടപ്പാടിയിൽ എസ്.ഐ ആയ ആദ്യത്തെ ആളാണ് കൃഷ്ണൻ. കാസർകോട് കുമ്പളയിൽ ആയിരുന്നു ആദ്യനിയമനം. തുടർന്ന് കണ്ണൂർ, പാലക്കാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തു. 2019ൽ സർക്കിൾ ഇൻസ്പെക്ടറായി പ്രൊമോഷൻ ലഭിച്ചു. ഇപ്പോൾ ഫറോക്ക് സർക്കിൾ ഇൻസ്പെക്ടർ.
കുടുംബം
കൃഷ്ണന് അഞ്ചു സഹോദരൻമാരാണുള്ളത്. ഇതിൽ രണ്ടുപേർ സർവ്വീസിലുണ്ട്. മൂത്ത സഹോദരനായ മരുതൻ പോസ്റ്റുമാനാണ്. ഇളയ സഹോദരൻ രാജേഷ് സ്റ്റാറ്റിസ്റ്റിക്സ് ഡിപാർട്ട്മെന്റിലും ജോലി ചെയ്യുന്നു. രാജേഷിന് നേരത്തെ പൊലീസിൽ ആയിരുന്നുവെങ്കിലും പിന്നീട് സ്റ്റാറ്റിസ്റ്റിക്സ് ഡിപാർട്ട്മെന്റിൽ ജോലി കിട്ടിയതോടെ രാജി വെച്ചു.
മറ്റു സഹോദരങ്ങൾ: രാജമ്മ, ശിവാൾ, രാമു. ഭാര്യ: ബീന, മക്കൾ: സുധ കീർത്തി, ശിവാംഗ്.