സൂറിക്: സ്വിസ്സ് ആൽപ്‌സിലെ ലോകപ്രശസ്തമായ മാറ്റർഹോൺ പർവ്വതം, ഇന്ത്യൻ ത്രിവർണ പതാകയിൽ പ്രകാശം പരത്തി നിന്നു. കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം അർപ്പിച്ചാണ്, 4,478 മീറ്റർ ഉയരമുള്ള പർവ്വതം വെള്ളിയാഴ്ച്ച രാത്രി ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളിൽ പ്രകാശിപ്പിച്ചത്.
സ്വിറ്റ്സർലൻഡിനും ഇറ്റലിക്കും ഇടയിലുള്ള മാറ്റർഹോണിന്, പർവ്വതങ്ങളിലെ ലോകസുന്ദരി എന്നാണ് വിശേഷണം. സ്വിസ്സ് ലൈറ്റ് ആർട്ടിസ്റ്റ് ജെറി ഹോഫ്സ്റ്റെറ്ററിന്റെ നേതൃത്വത്തിൽ, സെർമാറ്റ് ടൂറിസമാണ് പർവ്വതത്തിൽ ഇന്ത്യയുടെ ത്രിവർണ വർണം തെളിയിച്ചത്.
‘ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യ, കൊറോണ പ്രതിസന്ധിയിൽ നേരിടുന്ന വെല്ലുവിളികൾ വളരെ വലുതാണ്. മാറ്റർഹോണിൽ തെളിയുന്ന ഇന്ത്യൻ പതാക, സ്വിറ്റസർലന്റിന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കാനും എല്ലാ ഇന്ത്യക്കാർക്കും പ്രതീക്ഷയും, ശക്തി പകരാനും ഉദ്ദേശിച്ചുള്ളതാണ്”– സെർമാറ്റ് മാറ്റർഹോൺ ടുറിസം അതിന്റെ ഫെയ്സ്ബുക്ക് പേജിൽ എഴുതി.
സെർമാറ്റ് മാറ്റർഹോൺ ടുറിസം, കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണയേകി, വിവിധ രാജ്യങ്ങളുടെ പതാകകൾ പ്രദർശിപ്പിക്കുകയും, പ്രത്യാശയുടെ സന്ദേശങ്ങൾ നൽകുകയും ചെയ്തുവരുന്നുണ്ട്. ഇതിനായി കഴിഞ്ഞ ദിവസം ഇന്ത്യൻ ദേശീയ പതാക തിരഞ്ഞെടുക്കുകയായിരുന്നു. 1000 മീറ്ററിലധികം വിസ്തൃതിയിലാണ് ഇന്ത്യൻ പതാക പ്രകാശം പരത്തിയത്. 
സെർമാറ്റ് ടൂറിസത്തെ അഭിനന്ദിച്ചു സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് പങ്കുവെച്ചു.‘ലോകം ഒത്തൊരുമിച്ച് കോവിഡ് 19നെതിരെയുള്ള പോരാട്ടത്തിലാണ്. മനുഷ്യത്വം തീർച്ചയായും ഈ മഹാമാരിയെ മറികടക്കും’– പ്രധാനമന്ത്രി ട്വീറ്റിൽ പറയുന്നു. 
 
 
                






