ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ വീണ്ടും പട്ടാള അട്ടിമറിയെന്ന് സംശയം. മാലിയിലെ സൈനിക ഉദ്യോഗസ്ഥർ ഇടക്കാല സർക്കാരിന്റെ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും തിങ്കളാഴ്ച തടഞ്ഞുവച്ചതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടത്തിയ പുനഃസംഘടനയില്‍ പട്ടാള അട്ടിമറിയില്‍ പങ്കാളികളായ സൈനികരിൽ രണ്ട് പേർക്ക് സ്ഥാനം നഷ്ടപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം പ്രസിഡന്റ് ബാ എന്‍ഡാവ്, പ്രധാനമന്ത്രി മുക്താര്‍ ഔന്‍, പ്രതിരോധ മന്ത്രി സുലൈമാന്‍ ദുകോര്‍ എന്നിവരെ കാറ്റിയിലെ സൈനിക താവളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഒന്‍പത് മാസം മുമ്പ് സൈന്യം പട്ടാള അട്ടിമറിയിലൂടെ മാലിയുടെ അധികാരം പിടിച്ചെടുക്കുകയും അന്നത്തെ മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബകറിനെ തടവിലാക്കുകയും ചെയ്തിരുന്നു. സൈനികർക്കിടയിലെ പോര് രാജ്യത്ത് ജനജീവിതം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതേസമയം ഐ.എസ്, അൽഖാഇദ പോലുള്ള ഭീകര സംഘടനകളും രാജ്യത്തിൻറെ ഒരു ഭാഗം നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഇതും ഇവിടുത്തെ ജനജീവിതത്തിന് കടുത്ത ഭീഷണി ആണ്.









































