മുംബൈ: ഹോട്ഷോട്സ് ആപ്പിൽ അപ്‌ലോഡ് ചെയ്യുന്ന വിഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച് തനിക്ക് അറിവില്ലെന്നും നീലച്ചിത്ര നിർമാണത്തിൽ തന്റെ ഭർത്താവിന് പങ്കില്ലെന്നും ബോളിവുഡ് താരം ശിൽപ ഷെട്ടി. നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് വ്യവസായിയും ശിൽപയുടെ ഭർത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായതിനു പിന്നാലെ ശിൽപയെ ചോദ്യം ചെയ്തു പൊലീസിനോടാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ഹോട്ഷോട്സ് മൊബൈൽ ആപ്പിലെ വിഡിയോകളിൽ പ്രത്യക്ഷമായി ലൈംഗിക രംഗങ്ങൾ കാണിക്കുന്നില്ലെന്നും നീലച്ചിത്രമല്ലെന്നുമാണ് ശിൽപ പൊലീസിനു മൊഴി നൽകിയത്. തന്റെ ഭർത്താവ് നിരപരാധിയാണെന്നും ശിൽപ പൊലീസിനോട് പറഞ്ഞു. ഇരുവരും ഡയറക്ടർമാരായ വിയാൻ ഇൻഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു.


































