ഡബ്ലിൻ: മെയ് അവസാനം വരെയുള്ള കണക്കനുസരിച്ച് അയർലണ്ട് സര്‍ക്കാരിന്റെ ഖജനാവിൽ 1.4 ബില്യണ്‍ യൂറോയുടെ മിച്ചം കാണിക്കുന്നതായി ധനകാര്യ വകുപ്പ്. വാറ്റ്, വരുമാന നികുതി, കോര്‍പ്പറേറ്റ് നികുതി എന്നിവയിലെല്ലാം വന്‍ വര്‍ധനവുണ്ടായതും കസ്റ്റംസ് നികുതി വരുമാനം കൂടിയതുമാണ് അയര്‍ലണ്ടിന്റെ സാമ്പത്തിക മികവിന് കാരണമായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായിരുന്നത് 6 ബില്യണ്‍ യൂറോയുടെ കമ്മിയായിരുന്നു. ഈ സ്ഥാനത്താണ് കമ്മിയും നികത്തിയുള്ള അയര്‍ലണ്ടിന്റെ സാമ്പത്തിക മുന്നേറ്റം.
നികുതി റിട്ടേണുകളിലൂടെ 7.4 ബില്യണ്‍ യൂറോയുടെ നേട്ടമുണ്ടാക്കിയെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. വരുമാന നികുതിയില്‍ 17% വര്‍ധനവാണുണ്ടായത്. വാറ്റ് 29%, കോര്‍പ്പറേഷന്‍ നികുതി 77% എന്നിങ്ങനെയും കൂടി. 2021ലെ ഇതേ കാലയളവിനേക്കാള്‍ 2.3 ബില്യണ്‍ കൂടുതലാണിതെന്ന് കണക്കുകള്‍ പറയുന്നു. ബ്രക്‌സിറ്റിനു ശേഷം കഴിഞ്ഞ വര്‍ഷം യുകെയുമായുള്ള വ്യാപാരം വര്‍ധിച്ചതോടെ കസ്റ്റംസ് വരവും 29% കൂടി. കഴിഞ്ഞ വര്‍ഷം ഈ സമയത്തെ ചെലവിനേക്കാള്‍ നാല് ശതമാനം 1.2 ബില്യണ്‍ യൂറോ കുറവായതും നേട്ടം കൈവരിക്കാൻ ഇടയാക്കി.