കോവിഡ് ഭീഷണിയിൽ നിൽക്കുന്ന ഈ ഘട്ടത്തിൽ ആരോഗ്യ വകുപ്പിനേയും പൊലീസിനേയും ഒരുപോലെ സഹായിക്കാൻ കഴിയുന്ന ഒരു മൊബൈൽ ആപ്ലിക്കേഷൻ ആശയം ”DECODE19 ” എന്നപേരിൽ അവതരിപ്പിക്കുകയാണ് ടെക്ക്‌നിക്കൽ എക്സ്പേർട്ട് ആയ രാമനാട്ടുകര- പെരിങ്ങാവ് പ്രദേശത്തെ ജിനീഷ്, എച്ഛ് ആർ പ്രൊഫഷണൽ ആയ കോഴിക്കോട് ജില്ലയിലെ പാവങ്ങാട് നിന്നുള്ള ശില്പ ചന്ദ്രശേഖരൻ എന്നിവർ. ഇങ്ങനെ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കേരളപോലീസിനും ആശയം നിർദ്ദേശിച്ചിട്ടുള്ളതായി അവർ അറിയിച്ചു.
കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്ന സമയത്ത് സാമൂഹിക അകലവും മറ്റ് ആരോഗ്യ സേവനങ്ങളും സുഗമമാക്കുന്നതിന് ഉതകുന്ന ആപ്ലിക്കേഷൻ ആണ് ഡീകോഡ്19, പൊതു ജനങ്ങൾ, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവർക്ക് ഒരേ സമയം ഉപയോഗിക്കാൻ കഴിയും, പ്രാരംഭ ഘട്ടത്തിൽ, ഒരു വീട്ടിൽ നിന്നും ഒരാൾ വീട്ടിലെ ഏവരുടെയും ഡാറ്റകൾ നൽകി രജിസ്റ്റർ ചെയ്യണം.
നൽകിയിരിക്കുന്ന ഡാറ്റ പ്രകാരം വ്യക്തിയെ നിരീക്ഷിക്കേണ്ടതുണ്ടോ അല്ലെങ്കിൽ ആരോഗ്യ വകുപ്പിൽ നിന്നുള്ള മറ്റേതെങ്കിലും സഹായം ആവശ്യമാണോ എന്ന് സിസ്റ്റം തനിയെ നിർണ്ണയിക്കുന്നു.
ഓരോ വ്യക്തിയുടെയും കൊറോണക്ക് എതിരെയുള്ള ഇപ്പോഴത്തെ ആരോഗ്യ നില ആപ്ലിക്കേഷൻ പറഞ്ഞു തരും, കൂടാതെ അയാൾ നിൽക്കുന്ന വീടിൻ്റെ പൊതുവേയുള്ള ആരോഗ്യ നില കൂടെ അറിയാൻ സാധിക്കും. ആ വീട്ടിലെ ആർക്കെങ്കിലും ഗുരുതരമായ കൊറോണ സിംപ്‌റ്റംസ് കാണിക്കുകയാണെങ്കിൽ ആ വീടിനെ ആപ്ലിക്കേഷൻ പ്രത്യേക സോണില്ലേക്ക് മാറ്റുന്നു.
ഇവയെല്ലാം തന്നെ ആരോഗ്യ വകുപ്പിന് അവരുടെ ഓഫീസിൽ നിന്ന് തന്നെ അറിയാൻ സാധിക്കും. ആയതിനാൽ തന്നെ ഓരോ ജില്ല, പഞ്ചായത്ത് എന്നിവ വേർതിരിച്ച് ഐസലേഷൻ വേണ്ടവരേയും മെഡിക്കൽ അറ്റൻഷൻ വേണ്ടവരേയും പുറം രാജ്യത്ത് നിന്നും വന്നവരേയും അതുപോലെ പ്രത്യേകം വേണ്ട ആളുകളെ കാറ്റഗറി തിരിച്ച് അറിയാൻ പറ്റും എന്നത് ആരോഗ്യ വിഭാഗത്തിന് വളരെ ഉപകാരപ്രദമാണ്.
പബ്ലിക്കിൻ്റെ ഇപ്പോഴുള്ള ആരോഗ്യനിലയിലെ കൊറോണ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഡീകോഡ്19 ഇവയെല്ലാം നിർണ്ണയിക്കുന്നത് എന്നതിനാൽ കൂടുതൽ കൃത്യതയും ഡെവലപ്പേഴ്‌സ് അവകാശപ്പെടുന്നു.
ആരോഗ്യവകുപ്പിന് നേരിട്ട് വീടുകളിൽ ചെന്ന് രോഗലക്ഷണങ്ങൾ ചോദിച്ചു അറിയേണ്ടതില്ല, പകരം എല്ലാം ഓഫീസിലെ കമ്പ്യൂട്ടറിനു മുന്നിൽ തനിയെ എത്തും, വീടുകളിൽ ചെന്നുള്ള ഈ കണക്കെടുപ്പ് തന്നെ സുരക്ഷിതമല്ലാത്തതും ജോലി ഭാരം കൂട്ടുകയും ചെയ്യും അതിൽ നിന്നും വളരെ വലിയ ആശ്വാസം ഡീകോഡ്19 നൽകുന്നു.
കൂടാതെ ഭാവിയിൽ ഒരുപാട് ആളുകൾ വിദേശത്ത് നിന്നും വരാനിരിക്കെ അവരെ കൂടെ കൃത്യമായി ട്രാക്ക് ചെയ്യാൻ പറ്റുമെന്നതും ഭാവിയിൽ ആപ്ലിക്കേഷൻ കൂടുതൽ വികസിപ്പിക്കാനും ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾ അറിയാനും ആരോഗ്യ രംഗത്തെ ഒട്ടുമിക്ക പ്രശ്‌നങ്ങൾ പരിഹരിക്കാനും ആപ്ലിക്കേഷൻ സഹായിക്കും.
ഉയർന്ന തോതിൽ സോഷ്യൽ ഡിസ്റ്റാൻസിംഗ് നിയന്ത്രിക്കാൻ പോലീസ് വകുപ്പിനെ സഹായിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം, അലക്ഷ്യമായി പുറത്ത് ഇറങ്ങി നടക്കുന്ന ആളുകളുടെ മൊബൈൽ നമ്പർ ഈ ആപ്പിൽ പോലീസ് എന്റർ ചെയ്യുന്നതോടുകൂടെ അയാളുടെ പേര്, പ്രായം, വിദേശയാത്രാ വിശദാംശങ്ങൾ, ഐസൊലേഷൻ സ്റ്റാറ്റസ്, ലോക്ക് ഡൗൺ കാലയളവ് ലംഘിച്ചതായി റിപ്പോർട്ടുചെയ്ത കേസുകൾ എന്നിവ പോലീസിന് അറിയാൻ പറ്റും.(ഇത് ഒരൊറ്റ ക്ലിക്കിൽ സാധിക്കും എന്നത് തന്നെയാണ് മറ്റൊരു പ്രത്യേകതയും) അതിനാൽ തന്നെ ഐസലോഷനിൽ കഴിയുന്ന ആളുകൾ പുറത്തിറങ്ങി പിടിക്കപ്പെട്ടാൽ കടുത്ത നിയമ ലംഘനത്തിന് കേസ് ചാർജ്ജ് ചെയ്യാം, കേസ് രജിസ്റ്റർ ചെയ്യലും ഈ ആപ്പ്ളിക്കേഷനിലൂടെ തന്നെ പ്രാഥമികമായി ചെയ്യാൻ പറ്റും എന്നതും വളരെ അധികം സഹായകരവും സുതാര്യവുമാക്കുകയാണ് കാര്യങ്ങൾ.
ഇപ്പോഴുള്ള സാഹചര്യത്തിൽ ഐസൊലേഷൻ വെട്ടിച്ചു മുങ്ങുന്നവരാണ് ഏവർക്കും തലവേദന സൃഷ്ടിക്കുന്നത് അതിലേറെ വൈറസ് വ്യാപനത്തിന് ഇടയാകുന്നതും. അതാണ് ഇവിടെ തടയിടുന്നതും. തുടർന്ന് ഇവരെ ജിയോ ട്രാക്ക് സംവിധാനത്തിൽ പെടുത്താനും പദ്ധതിയിടുന്നുണ്ട്.
ആരോഗ്യ ഇൻസ്പെക്ടർമാർ, ഡോക്ടർമാർ, മറ്റ് പ്രതിനിധികൾ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് കോവിഡ്19 ലക്ഷണങ്ങളുള്ള ആളുകളുടെ ലൈവ് ഡാറ്റ ട്രാക്കുചെയ്യാനും റിപ്പോർട്ടുചെയ്യാനും ഡൗൺലോഡ് ലോഡ് ചെയ്ത പ്രിന്റ് എടുക്കാനും സാധിക്കും. (എത്രപേർ സുരക്ഷിതരാണ്, അവർക്ക് ഐസൊലേഷൻ ആവശ്യമാണോ തുടങ്ങിയവ പരിശോധിക്കുന്നതിനും ഇത് സഹായിക്കുന്നു.), മോണിറ്റർ ചെയ്യുന്ന ആരോഗ്യ വകുപ്പിൽ പെട്ടവർക്ക് പ്രത്യേകം ഓരോ വീടുകളിലേക്കും വ്യക്തികളിലേക്കും അറിയിപ്പുകൾ അയക്കാൻ പറ്റുമെന്നതും സവിഷേതയാണ്.
വ്യക്തികൾ ഓരോ സിംപ്റ്റംസ് മാറ്റുന്നതിന് അനുസരിച്ചും മോണിറ്റർ ചെയ്യുന്ന ആരോഗ്യ വകുപ്പിലേക്ക് അറിയിപ്പുകൾ ലഭിച്ചുകൊണ്ടിരിക്കുന്ന, അവ കമ്പ്യൂട്ടർ ലോഗ് ഇൻ ചെയ്‌തു വിശദമായി നിരീക്ഷിക്കാവുന്നതാണ്. കോവിഡ്19 ന്റെ ഉയർന്ന ലക്ഷണങ്ങളുമായി രജിസ്റ്റർ ചെയ്തിട്ടുള്ളവരെക്കുറിച്ച് തൽക്ഷണ അറിയിപ്പ് ലഭിക്കാനും ഇത് ആരോഗ്യ വകുപ്പിനെ സഹായിക്കുന്നു. കൂടാതെ പൊതു ജനങ്ങൾക്ക് ഓരോ കാറ്റഗറി അനുസരിച്ച് എല്ലാ രോഗങ്ങൾക്കുമുള്ള സൗജന്യമായ ഡോക്ടറുടെ കൺസൾട്ടിംഗ് ആശയം കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളെ കൂടെ ആപ്പിൽ ഉൾപ്പെടുത്താൻ ഡീകോഡ് 19 ആശയം മുന്നോട്ടു വച്ചവർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്ക് മരുന്ന്, മാസ്ക്ക്, ഗ്ലവ്വ് , ഫുഡ് എന്നിവയും ഈ ആപ്പ് വഴി റിക്കൊസ്റ്റ് ചെയ്യാം, ആപ്ലിക്കേഷൻ നിയന്ത്രിക്കുന്നവർക്ക് ഇവ അതിന്റേതായ ഡിപ്പാർട്ട്മെന്റിലേക്ക് അയക്കാൻ പറ്റും. ഓരോ ജില്ലയിലേയും ഹെൽപ്പ് ഡെസ്ക് നമ്പറുകൾ (കോവിഡ് സ്‌പെഷൽ കൺട്രോൾ റൂം, കലക്ടറേറ്റ്, ജില്ലമെഡിക്കൽ ഓഫീസ്, കൗൺസലിങ്ങ് , കമ്മ്യൂണിറ്റി കിച്ചൺ, അതിഥി തൊഴിലാളികൾക്കുള്ള ഹെൽപ്പ് ലൈൻ, വെള്ളം, അവശ്യ സാധനങ്ങൾ) കൂടെ കേരള സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുവാൻ ഉള്ള ഒരു പൊതുവേദിയായ സന്നദ്ധം എന്ന പോർട്ടലിലേക്കുള്ള ലിങ്കും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കൂടാതെ എക്‌സസൈസിനു വേണ്ടിയും പ്രത്യേകം സോണുകൾ ആപ്പ് നൽകുന്നുണ്ട്. ഒരു സ്മാർട് ഫോൺ ഉപയോഗിച്ച് വളരെ കുറഞ്ഞ ഡാറ്റയിൽ ഇവയെല്ലാം ഉപയോഗിക്കാനാകും. ആപ്ലിക്കേഷനിൽ മലയാളം ഭാഷ സെലക്ട് ചെയ്യാനുള്ള ഓപ്‌ഷനും ലഭ്യമാണ് എന്നതിനാൽ ഏതൊരു സാധാരണക്കാരനും ആപ്ലിക്കേഷൻ ലളിതമായി ഉപയോഗിക്കുകയും ചെയ്യാം.
കോവിഡ് 19 പടർന്നുപിടിക്കുന്ന സമയത്ത് ജനങ്ങളുടെ സാമൂഹികവും ആരോഗ്യപരവുമായ അവസ്ഥകൾ നിയന്ത്രിക്കുന്നതിന് കേരള സർക്കാരിന് വളരെയധികം പിന്തുണ നൽകാൻ ഡീകോഡ് 19 ന് കഴിയുമെന്ന് വിശ്വസിക്കുന്നതായും ഈ പോരാട്ടത്തിൽ കേരള സർക്കാരുമായി ചേർന്ന് നിലകൊള്ളുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അവർ അറിയിച്ചു.










