കൊച്ചി: കാത്തിരുന്ന തിരിച്ചു വരവും കാത്തിരുന്ന കൺമണിയും ഒന്നിച്ചു കിട്ടിയ സന്തോഷത്തിലാണ് ഈ അമ്മ. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തെയും വയറ്റിൽ പേറിയാണ് സോണിയ മാലി ദ്വീപിൽ നിന്ന് കൊച്ചിയിലെക്ക് കപ്പൽ കയറിയത്.
തിരുവല്ല സ്വദേശിയാണ് മാലിയിൽ നഴ്സായി ജോലി ചെയ്യുന്ന സോണിയ. ജീവിതം കരയ്ക്കടുപ്പിക്കാനുള്ള തത്രപ്പാടിൽ കടൽ താണ്ടി മാലിയിലെത്തിയതാണ് സോണിയ. ഭർത്താവ് ഷിജോയും എറണാകുളത്ത് നേഴ്സ് ആണ്.
ആകുലതകളുടെ തിരമാല കീറി മുറിച്ചു പ്രതീക്ഷയുടെ തീരത്തണഞ്ഞപ്പോൾ മാതൃദിനത്തിൽ ആൺകുഞ്ഞിന്റെ രൂപത്തിൽ സന്തോഷം തേടിയെത്തി. ആറ് തവണ നഷ്ടമായ നിധിയാണ് കോവിഡ് കാലത്ത് സോണിയയേയും ഷിജോയേയും തേടിയെത്തിയത്.
എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ഉടനെ സോണിയയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു ജീവിതം മുഴുവൻ അത്രമേൽ ആഗ്രഹിച്ചു കൊതിച്ചിരുന്ന കാത്തിരിപ്പിന് വിരാമമിട്ട് സോണിയ ആൺകുഞ്ഞിന് ജന്മം നൽകി.
പിന്നീടൊരിക്കൽ സോണിയ മകന് പറഞ്ഞു കൊടുക്കും, ലോകം മുഴുവൻ പടർന്നു പിടിക്കുന്ന മഹാമാരിയുടെ കാലത്ത്, അവനേയും വയറ്റിൽ പേറി രണ്ടു നാൾ കടൽ താണ്ടി വന്നു ഭൂമി കാണിച്ച കഥ. കടലിനേയും കോവിഡിനേയും തോൽപ്പിച്ച അമ്മയുടെ കഥ.






































