ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ മൂന്നാമത് ഒരു സ്‌ട്രെയിന്‍ കൂടി ബ്രിട്ടണില്‍ കണ്ടെത്തിയതായി ബ്രിട്ടന്റെ ആരോഗ്യ സെക്രട്ടറിയായ മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരിലാണ് മൂന്നാമത്തെ സ്‌ട്രെയിന്‍ വൈറസ് കണ്ടെത്തിയത്.
പുതിയ വകഭേദത്തിലുള്ള വൈറസ് ബാധിച്ച രണ്ട് കേസുകളാണ് യുകെയിൽ നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവര്‍ നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണമെന്ന് ഹാന്‍കോക്ക് അറിയിച്ചു.
നിലവിലെ രണ്ടാം സ്‌ട്രെയിനെക്കാള്‍ പ്രഹരശേഷി കൂടുതലാണ് മൂന്നാം വകഭേദമെന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോകത്ത് കൊവിഡ് വൈറസിന്റെ രണ്ടാം സ്ട്രെയിന്‍ ബ്രിട്ടനു പുറമേ ഡെന്‍മാര്‍ക്ക്, ഓസ്ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്സ് തുടങ്ങിയ രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.