gnn24x7

എല്ലാ കടമ്പകളും നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഇന്ന് വേർപിരിയും

0
239
gnn24x7

ലണ്ടൻ: എല്ലാ കടമ്പകളും നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഇന്ന് വേർപിരിയും. രാത്രി പതിനൊന്നിനാണ് ബ്രിട്ടൺ എക്സിറ്റ് എന്നർഥമുള്ള ‘’ബ്രക്സിറ്റ്’’ യാഥാർധ്യമാകുന്നത്. മൂന്നര വർഷം നീണ്ട മാരത്തൺ ചർച്ചകൾക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും തർക്ക വിതർക്കങ്ങൾക്കുമെല്ലാം ഇതോടെ സമാപ്തിയാകും. നേരത്തെ ബ്രിട്ടീഷ് പാർലമെന്റും കഴിഞ്ഞദിവസം യൂറോപ്യൻ പാർലമെന്റും അംഗീകരിച്ച ബ്രക്സിറ്റ് ഡിവോഴ്സ് ബില്ലിലെ (വേർപിരിയൽ കരാർ) വ്യവസ്ഥകൾ അനുസരിച്ചാകും ഇരുപക്ഷവും തമ്മിലുള്ള ഭാവി ബന്ധവും സഹകരണവും. ഇന്ന് ബ്രക്സിറ്റ് നടപ്പിലായാലും 2021 ജനുവരി വരെയുള്ള ഒരു വർഷക്കാലം പരിവർത്തന കാലയളവാണ്. (ട്രാൻസിഷൻ പീരീഡ്) അതിനാൽ പെട്ടെന്ന് പ്രത്യക്ഷത്തിലുള്ള മാറ്റങ്ങൾ ഇരുപക്ഷത്തെയും പൌരന്മാരെ ബാധിക്കില്ല. ഇക്കാലയളവിൽ ഇരുകൂട്ടരും തമ്മിലുള്ള വ്യാപാര കരാറുകളും മറ്റ് സുപ്രധാന വിഷയങ്ങളും ചർച്ചചെയ്ത് തീരുമാനിക്കും.

ബ്രസൽസിലെ യൂറോപ്യൻ പാർലമെന്റിൽ ബുധനാഴ്ച വൈകിട്ടായിരുന്നു ബ്രസ്കിറ്റിന്റെ അവസാന നടപടിക്രമങ്ങൾ പൂർത്തിയായത്. യൂണിയനിൽനിന്നും ബ്രിട്ടണെ ഒഴിവാക്കിക്കൊണ്ടുള്ള ബില്ലിന് അംഗീകാരം നൽകാൻ ചേർന്ന യോഗം വികാരനിർഭരമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. 47 വർഷത്തെ ബന്ധം വേർപെടുത്തി ബ്രിട്ടീഷ് പ്രതിനിധികൾ വിടവാങ്ങൾ പ്രസംഗങ്ങൾ നടത്തിയപ്പോൾ പലരും പൊട്ടിക്കരഞ്ഞു. കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചും ഇനിയും യോജിക്കാമെന്ന പ്രത്യാശ പ്രകടിപ്പിച്ചുമാണ് പലരും പ്രസംഗം അവസാനിപ്പിച്ച് പിരിഞ്ഞത്.

മുൻ ജർമൻ പ്രതിരോധമന്ത്രിയാണ് സമ്മേളനത്തിൽ ബ്രിട്ടന് ഔദ്യോഗികമായി വിടവാങ്ങൾ ആശംസകൾ നൽകിയത്. ബ്രിട്ടനിൽ ബ്രക്സിറ്റിന്റെ ഏറ്റവും വലിയ വക്താവായ ബ്രസ്കിറ്റ് പാർട്ടി നേതാവ് നൈജൽ ഫെറാജ് സന്തോഷത്തോടെയാണ് തന്റെ വിടവാങ്ങൾ സന്ദേശം അവസാനിപ്പിച്ചത്. ബ്രിട്ടീഷ് പതാക ഉയർത്തിവീശി യൂണിയനോട് ഗുഡ് ബൈ പറഞ്ഞ ഫെറാജ് ഒടുവിൽ പതാക ഉയർത്തിയതിന് ചെയറിന്റെ ശാസനയും ഏറ്റുവാങ്ങിയാണ് മടങ്ങിയത്. വേർപാടിന്റെ വേദന മറയ്ക്കാൻ കരങ്ങൾ ചേർത്തുപിടിച്ച് പരമ്പരാഗത സ്കോട്ടീഷ് ഗാനമായ ‘’ഓൾഡ് ലാങ് സൈനെ’’യും പാടിയാണ് എല്ലാവരും ൂറോപ്യൻ പാർലമെന്റിന്റെ പടികളിറങ്ങിയത്.

നാളെ രാവിലെ ബ്രസൽസിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തുന്നതോടെ ബ്രക്സിറ്റിന് ഔദ്യോഗിക വിളംബരമാകും. ബ്രസൽസിലെ ബ്രിട്ടീഷ് മ്യൂസിയത്തിനു മുന്നിലാകും ഈ പതാക പിന്നീട് സ്ഥാപിക്കുക.

2016 ജൂൺ 23നായിരുന്നു യൂറോപ്യൻ യൂണിയന്റെ ഭാഗമായി നിലനിൽക്കണമോ വേണ്ടെയോ എന്നു തീരുമാനിക്കാൻ ബ്രിട്ടനിൽ ബ്രക്സിറ്റ് ഹിതപരിശോധന നടന്നത്. ഇതിൽ 51.89 ശതമാനം പേർ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നും പുറത്തുവരണമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ബ്രക്സിറ്റിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. 48.11 ശതമാനം വോട്ടർമാരാണ് ബ്രക്സിറ്റിനെ എതിർത്തത്.

ബ്രക്സിറ്റിനെ എതിർത്ത് നിലപാടെടുത്ത അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ രാജിയോടെയായിരുന്നു പിന്നീടുള്ള മൂന്നര വർഷക്കാലത്തെ സംഭവബഹുലമായ നടപടിക്രമങ്ങളുടെ തുടക്കം. പകരക്കാരിയായി പ്രധാനമന്ത്രിസ്ഥാനത്ത് എത്തിയ തെരേസ മേ ഉടൻതന്നെ പൊതു തിരഞ്ഞെടുപ്പിലൂടെ ശക്തിതെളിയിച്ച് ബ്രക്സിറ്റ് നടപ്പിലാക്കാൻ ശ്രമിച്ചു. എന്നാൽ, തിരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റം നേടാൻ കഴിയാതെ പോയത് അവരെ ദുർബലയായ പ്രധാനമന്ത്രിയാക്കി മാറ്റി. ഇതോടെ ചർച്ചകളിൽ യൂറോപ്യൻ യൂണിയൻ മേൽക്കൈ നേടി. ഒടുവിൽ തെരേസ മേ കൊണ്ടുവന്ന ബ്രക്സിറ്റ് ഉടമ്പടി ബ്രിട്ടീഷ് പാർലമെന്റ് പലവട്ടം തള്ളിയതെടെ അവർ രാജിവച്ചൊഴിഞ്ഞു.

തുടർന്ന് പ്രധാനമന്ത്രിയായ ബോറിസ് ജോൺസൺ വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിലൂടെ ശക്തമായി തിരിച്ചുവന്നാണ് ഇപ്പോൾ ബ്രക്സിറ്റ് നടപ്പാക്കുന്നത്. തങ്ങൾക്ക് സ്വീകാര്യമായ ഉടമ്പടി ഉണ്ടായില്ലെങ്കിൽ നോ ഡീൽ ബ്രക്സിറ്റ് എന്ന നിലപാടെടുത്ത ജോൺസനെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പിന്തുണച്ചു. ഇതോടെ കൂടുതൽ ശക്തനായി മാറിയ ജോൺസണ് കാര്യങ്ങൾ വളരെ എളുപ്പമായി മാറുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here