ശമ്പള വർധന നൽകാത്തതിൽ പ്രതിഷേധിച്ച് ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ തങ്ങളുടെ ഏറ്റവും ദൈർഘ്യമേറിയ പണിമുടക്ക് ഇന്ന് (ജൂലൈ 13) ആരംഭിച്ചു. ഇന്ന് രാവിലെ 7 ന് ആരംഭിച്ച് ജൂലൈ 18 ചൊവ്വാഴ്ച രാവിലെ 7 ന് അവസാനിക്കും. അഞ്ച് ദിവസത്തെ പണിമുടക്കിന് മുന്നോടിയായി സംസാരിക്കാൻ സർക്കാർ വിസമ്മതിക്കുന്നത് അമ്പരപ്പിക്കുന്നതും നിരാശാജനകവുമാണെന്ന് ജൂനിയർ ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ഭാരവാഹികൾ പറഞ്ഞു.
ഇംഗ്ലണ്ടിലെ 6,00,000 ലധികം എൻഎച്ച്എസ് അപ്പോയിന്റ് മെന്റുകൾ ഇതിനകം തന്നെ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. സമീപ മാസങ്ങളിൽ ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും നടത്തിയ പണിമുടക്കുകൾ കാരണം എൻഎച്ച്എസ് പ്രവർത്തനങ്ങൾ ഏറെ പ്രതിസന്ധികൾ നേരിട്ടിരുന്നു. ഇന്നത്തെ പണിമുടക്ക് കൂടി ആരംഭിച്ചപ്പോൾ പ്രതിസന്ധി കൂടുതൽ രൂക്ഷമായി.
അടിയന്തര പരിചരണത്തിന് മുൻഗണനനൽകേണ്ടി വരുന്നതിനാൽ ആയിരക്കണക്കിന് അപ്പോയ്ന്റ്മെന്റുകൾ മാറ്റി വെച്ചുവെന്ന് എൻഎച്ച്എസ് അറിയിച്ചു. പണിമുടക്ക് സമയത്ത് പരിചരണം ആവശ്യമുള്ള ആർക്കും ജീവൻ അപകടപ്പെടുത്തുന്ന അടിയന്തര സാഹചര്യങ്ങളിൽ 999 വിളിക്കുകയോ അല്ലെങ്കിൽ ആക്സിഡന്റ് ആൻഡ് എമർജൻസി യൂണിറ്റിലേക്ക് നേരിട്ട് വരികയോ ചെയ്യണമെന്നും എൻഎച്ച്എസ് മുന്നറിയിപ്പ് നൽകി. ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് എൻഎച്ച്എസിന്റെ 111 ഓൺലൈനിൽ ബന്ധപ്പെടുകയോ അടുത്തുള്ള ജിപി സെന്ററിലേക്ക് പോകുകയോ ചെയ്യണമെന്ന് എൻഎച്ച്എസ് മുന്നറിയിപ്പിൽ പറയുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA