നഴ്സിംങ് മേഖലയിലെ ആൾക്ഷാമവും ശമ്പളവർധനയ്ക്കായുള്ള സമരപ്രതിസന്ധിയും മറികടക്കാൻ നഴ്സുമാർക്ക് ഗോൾഡൻ ഹെലോ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ എൻ.എച്ച്.എസ്. ട്രസ്റ്റുകൾ. 4500 പൌണ്ട് വരെ ബോണസ് പെയ്മെന്റും എണ്ണായിരം പൌണ്ടുവരെ റീലൊക്കേഷൻ പാക്കേജും പ്രഖ്യാപിച്ചാണ് ട്രസ്റ്റുകൾ വിദഗ്ധരായ നഴ്സുമാരെ ആകർഷിക്കുന്നത്.
നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ചെഷയർ ആൻഡ് വിരാൾ പാർട്ണർഷിപ്പാണ്, തങ്ങളുടെ മെന്റൽ ഹെൽത്ത്, ലേണിംങ് ഡിസെബിലിറ്റി ടീമിനൊപ്പം ചേരുന്ന നഴ്സുമാർക്ക് 4500 പൌണ്ട് ജോയിനിങ് ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്.മൂന്ന് ഇൻസ്റ്റാൾമെന്റുകളായാകും ഈ പേയ്മെന്റ് നൽകുക. ജോലി സ്വീകരിക്കുമ്പോൾ 1500 പൌണ്ട് നൽകും. ഒരുവർഷത്തിനു ശേഷം അടുത്ത 1500 പൌണ്ടും രണ്ടു വർഷത്തിനുശേഷം മൂന്നാം ഗഡുവും നൽകും. ഒരുവർഷമെങ്കിലും ജോലി ചെയ്താൽ ലഭിച്ച തുകയുടെ പകുതി മടക്കി നൽകി പിരിയാം.
40 മൈൽ ദുരത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ നിന്നും ഇത്തരത്തിൽ ജോലിക്കെത്തുന്നവർക്ക് 8000 പൌണ്ടിന്റെ റീലൊക്കേഷൻ പാക്കേജും ട്രസ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.ലീഡ്സ് ആൻഡ് യോർഷെയർ പാർട്ണർഷിപ്പാണ് ഇത്തരത്തിൽ ഗോൾഡൻ ഹെലോ വാഗ്ദാനം ചെയ്യുന്ന മറ്റൊരു ട്രസ്റ്റ്. മെന്റൽ ഹെൽത്ത് ലേണിംങ് ഡിസെബിലിറ്റി ടീമിലേക്ക് എത്തുന്നവർക്ക് 1000 പൌണ്ടാണ് ഇവരുടെഗോൾഡൻ ഹെലോ ഓഫർ. ഹംബർ ടീച്ചിംങ് എൻ.എച്ച്.എസ് ഫൌണ്ടേഷൻ ട്രസ്റ്റാണ് ഗോൾഡൻ ഹെലോ സ്കീമുമായി നഴ്സുമാരെ തേടുന്നവരിൽ മറ്റൊന്ന്. ഏതു വിഭാഗത്തിലേക്കും പുതുതായി എത്തുന്ന ബാൻഡ് -5 നഴ്സുമാർക്ക് 3000 പൌണ്ടിന്റെ ബോണസ് പാക്കേജാണ് ഇവർ വെബ്സൈറ്റിൽ വാഗ്ദാനം ചെയ്തിട്ടുള്ളത്. കേംബ്രിഡ്ജ്, എസെക്സ്, ഹെഡ്ഫോർഡ്ഷെയർ എന്നിവിടങ്ങിലെ എൻ.എച്ച്.എസ് ട്രസ്റ്റുകളും സമാനമായ രീതിയിലുള്ള വാഗ്ദാനങ്ങളുമായി രംഗത്തുണ്ട്.
വെസ്റ്റ് ലണ്ടൻ എൻ.എച്ച്.എസ് ട്രസ്റ്റ് മെന്റൽഹെൽത്ത് നഴ്സുമാർക്ക് ആദ്യവർഷം തന്നെ 3000 പൌണ്ട് ലഭിക്കുന്ന ആകർഷകമായ ഗോൾഡൻ ഹെലോ പാക്കേജാണ് നൽകുന്നത്. കഴിഞ്ഞവർഷം സമാനമായ രീതിയിൽ ചില പ്രൈവറ്റ് ഹോസ്പിറ്റലുകളും കെയർഹോമുകളും നഴ്സുമാർക്ക് ഹോൾഡൻ ഹെലോ പദ്ധതിയുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ എൻ.എച്ച്.എസ് ആദ്യമായാണ് ഇത്തരത്തിൽ നഴ്സിംങ് ക്ഷാമം പരിഹരിക്കാൻ കുറുക്കുവഴി തേടുന്നത്. ഐടി, ബാങ്കിംങ് മേഖലകളിലേതിനു സമാനമായ ഈ ഗോൾഡൻ ഹലോ പാക്കേജ് ജോലി മാറാൻ കാത്തിരിക്കുന്ന ബ്രിട്ടണിലെ നഴ്സുമാർക്ക് സുവർണാവസരമൊരുക്കും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL








































