ബെല്‍ഫാസ്റ്റ്: നഴ്‌സുമാര്‍ക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന ടെസ്റ്റ് ലളിതമാക്കാൻ സാധ്യത. അന്താരാഷ്ട്ര തലത്തില്‍ പരിശീലനം നേടിയ അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ഭാഷാ ആവശ്യകതകള്‍ ലഘൂകരിക്കുന്നതിനുള്ള സാധ്യതകളാണ് ബ്രിട്ടനിലെ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ തേടുന്നത്. യുകെയില്‍ വര്‍ഷങ്ങളായി ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരായി ജോലി ചെയ്യുന്ന ഭാഷാ പരീക്ഷയില്‍ വിജയിക്കാതെ പോകുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്സുമാര്‍ക്ക് ഇത് ഗുണം ചെയ്തേയ്ക്കാം. നിലവിലെ സ്ഥിതി പുനപ്പരിശോധിക്കാനുള്ള നീക്കത്തിന് പിന്നില്‍ വര്‍ധിക്കുന്ന നഴ്സുമാരുടെ ആവശ്യകതകള്‍, എന്‍ എം സിയുടെ രജിസ്ട്രേഷന്‍ അപ്പീല്‍ പാനലിലേക്കുള്ള അപേക്ഷകരുടെ വര്‍ധന എന്നിവയൊക്കെയാണ്. മേയ് 26ന് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ചേരുന്ന എന്‍ എം സി കൗണ്‍സില്‍ ഈ വിഷയം പരിഗണിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഈ ആവശ്യകതകളില്‍ വരുത്താവുന്ന മാറ്റങ്ങള്‍ തയ്യാറാക്കുന്നതിന് എന്‍ എം സി ഉപദേശക സംഘത്തിന് രൂപം നല്‍കിയിരുന്നു. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അര്‍ഹതപ്പെട്ട നഴ്‌സുമാര്‍ക്ക് നീതി ലഭിക്കാനും ലക്ഷ്യമിടുന്ന പ്രപ്പോസലുകളാണ് ഗ്രൂപ്പ് പരിഗണിച്ചത്. ഈ പ്രപ്പോസലുകളെക്കുറിച്ച് പബ്ലിക് കണ്‍സള്‍ട്ടേഷന്‍ നടത്തണമെന്ന് ഈ ഗ്രൂപ്പ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷകര്‍ വിവിധ ടെസ്റ്റുകളില്‍ നേടുന്ന സ്‌കോറുകള്‍ ഫലപ്രദമായി സംയോജിപ്പിക്കുന്നതിനാണ് ഗ്രൂപ്പ് പ്രഥമ പരിഗണന നല്‍കിയത്. ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്‌കോറുകള്‍, ടെസ്റ്റുകള്‍ക്കിടയിലെ കാലയളവ് എന്നിവയും പുനപ്പരിശോധിക്കാനും നിര്‍ദ്ദേശമുണ്ട്.
തൊഴിലുടമയുടെ റഫറന്‍സും മറ്റ് തെളിവുകളുമുണ്ടെങ്കില്‍ ഇംഗ്ലീഷിലെ നോണ്‍ രജിസ്റ്റേഡ് പരിശീലനം സ്വീകരിക്കാനാകുമോ എന്നതും പരിഗണിക്കുന്നുണ്ട്. ഇംഗ്ലീഷില്‍ പഠിക്കുകയും പരിശീലിക്കുകയും ചെയ്ത നോണ്‍ നഴ്‌സിംഗ് മിഡൈ്വഫറി നഴ്സുമാരുടെ ബിരുദാനന്തര ബിരുദ യോഗ്യതകള്‍ അംഗീകരിക്കാനാകുമോ എന്നതും പരിശോധിക്കും.







































