ലണ്ടൻ : ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി അധികാരത്തിലെത്തി 70 വർഷം തികഞ്ഞതിന്റെ ഭാഗമായ പ്രൗഢഗംഭീരമായ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ജൂൺ അഞ്ച് വരെയാണ് ബക്കിംഗ്ഹാം പാലസിൽ ആഘോഷ പരിപാടികൾ നടക്കുന്നത്.ഇക്കഴിഞ്ഞ ഫെബ്രുവരി 6നാണ് രാജ്ഞിയുടെ കിരീടധാരണത്തിന് 70 വർഷം തികഞ്ഞത്. അന്ന് പിതാവ് ജോർജ് ആറാമന്റെ ചരമദിനം കൂടിയായതിനാൽ ആഘോഷ പരിപാടികൾ ജൂണിലേക്ക് മാറ്റുകയായിരുന്നു. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജസിംഹാനത്തിലിരുന്ന വ്യക്തിയെന്ന റെക്കോഡ് എലിസബത്ത് രാജ്ഞിയ്ക്കാണ്.
1952 ഫെബ്രുവരി ആറിനാണ് നിലവിൽ 96 വയസുള്ല എലിസബത്ത് രാജ്ഞിയായത്. 63 വർഷം രാജ്ഞിയായിരുന്ന വിക്ടോറിയയായിരുന്നു ഇതിന് മുന്നേ ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷ് സിംഹാസനത്തിന്റെ ഉടമ. ബ്രിട്ടിഷ് രാജ പദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയായ എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് വിൻസ്റ്റൺ ചർച്ചിൽ മുതൽ 14 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ ചിത്രമുള ഭരണാധികാരിയെന്ന ബഹുമതിയും രാജ്ഞിയ്ക്കാണ്.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപക പുഡിംഗ് മത്സരങ്ങൾ, സൈനിക പരേഡുകൾ, പാർട്ടികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ഇന്ന് മുതൽ നാല് ദിവസം ബ്രിട്ടണിൽ പൊതു അവധിയാണ്. ഏപ്രിൽ 21നാണ് രാജ്ഞിയുടെ പിറന്നാളെങ്കിലും ജൂണിലെ രണ്ടാം ശനിയാഴ്ചയാണ് അത് ബ്രിട്ടണിൽ ഔദ്യോഗികമായി ആഘോഷിക്കുന്നത്. ഇത്തവണ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കൊപ്പം മിലിട്ടറി പരേഡോടെ രാജ്ഞിയുടെ പിറന്നാൾ ആഘോഷവും നടക്കും.
രാജകീയ പദവികൾ ഉപേക്ഷിച്ച് യു.എസി ലേക്ക് താമസം മാറിയ ചെറുമകൻ ഹാരി യെയും ഭാര്യ മേഗനും പ്ലാറ്റിനം ജൂബിലിയിൽ പങ്കെടുക്കുമെങ്കിലും ബ്രിട്ടീഷ് സൈന്യത്തിന്റെ ട്രൂപ്പിംഗ് ദ കളർ’ നടക്കു മ്പോൾ ബാൽക്കണിയിൽ രാജകുടുംബാംഗങ്ങൾക്കൊപ്പം നിൽക്കാൻ ഇരുവർക്കും അനുമതിയില്ല. ലൈംഗികാപവാദ കേസിന്റെ പശ്ചാത്തലത്തിൽ പദവികൾ നഷ്ടമായതിനാൽ രാജ്ഞിയുടെ മകൻ ആ ൻഡ്രൂ രാജകുമാരനും അനുമതിയില്ല. രാജ്ഞിയ്ക്ക് പുറമേ 17 രാജകുടുംബാംഗങ്ങൾ ബാൽക്കണിയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യും.
ഫെബ്രുവരിയിൽ കൊവിഡ് പോസിറ്റീവായ രാജ്ഞിയ്ക്ക് നിലവിൽ നടക്കാനും മറ്റും ബുദ്ധിമുട്ടുകളുള്ലതിനാൽ പല പൊതുപരിപാടികളും ഒഴിവാക്കിയിരുന്നു. എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫി ലിപ്പ് രാജകുമാരൻ കഴിഞ്ഞ വർഷം 99-ാം വ യസിലാണ് അന്തരിച്ചത്.