ദുബായില്‍ ക്ലീനിംഗ് തൊഴിലാളിയായ രമേഷ് ഗംഗാരജം ഗാന്ധിയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത്. തെരുവില്‍ അടിച്ചു വാരി വൃത്തിയാക്കുകയായിരുന്ന രമേഷ് ഗംഗരാജം നിലത്തെ ഇലകളെല്ലാം കൂട്ടി ഹൃദയത്തിന്റെ ചിത്രമാണ് ഉണ്ടാക്കിയത്.
റോഡിനു വശത്തുള്ള ഫ്‌ളാറ്റില്‍ നിന്നും ഇത് കണ്ട നെസ്മ ഫറഹത്ത് എന്ന യുവതി ഈ ചിത്രം എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ചിത്രം പോസ്റ്റ് ചെയ്ത് നിമഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും നിരവധി പേര്‍ ഇതാരാണെന്ന് അന്വേഷിക്കുകയും ചെയ്തു.
ചിത്രം ശ്രദ്ധയില്‍ പെട്ട ദുബായ് മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി രമേഷ് ഗംഗാരജം ഗാന്ധിയെ ഫോണില്‍ ബന്ധപ്പെടുകയും ഇദ്ദേഹത്തിന് ഉപഹാരങ്ങള്‍ അയക്കുകയും ചെയ്തിരിക്കുകയാണ്.
ഇലകളില്‍ വിരിഞ്ഞ ഹൃദയത്തിനു പിന്നില്‍
തെലുങ്കാന സ്വദേശിയായ രമേഷ് ഗംഗാരജം ഗാന്ധി ദുബായിലെ ഒരു കമ്പനിയില്‍ ഹൗസ് കീപ്പിംഗ് സ്റ്റാഫ് ആയി ജോലി ചെയ്യുകയാണ്. നാട്ടിലെ തന്റെ ഭാര്യയെ ഓര്‍ത്താണ് ഇലകള്‍ കൊണ്ട് ഹൃദയം ഉണ്ടാക്കിയതെന്നാണ് ഇദ്ദേഹം പറയുന്നത്.2019
ആഗസ്റ്റിലാണ് രമേഷ് ഗംഗാരജം ഗാന്ധി വിവാഹിതനാവുന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ദുബായിലേക്ക് വരികയും ചെയ്തു. താന്‍ ഭാര്യയെയും മാതാപിതാക്കളെയും വളരെയധികം മിസ്സ് ചെയ്യുന്നുണ്ടെന്നും കൊവിഡ് കാരണം നാട്ടില്‍ പോവാന്‍ പറ്റാതായെന്നുമാണ് ഇദ്ദേഹം ഖലീജ് ടൈംസിനോട് പ്രതികരിച്ചിരിക്കുന്നത്.
രമേഷ് ഗംഗാരജ് ഗാന്ധി ഇലകള്‍ വെച്ച് ഹൃദയം ഉണ്ടാക്കുന്നത് ആരോ ഫോട്ടോ എടുക്കുന്നുണ്ടെന്ന് ഇദ്ദേഹത്തിന് അറിയില്ലായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്റെ ഫോട്ടോ വൈറലായതു കണ്ട് അത്ഭുതപ്പെട്ടെന്നും ഇദ്ദേഹം പറഞ്ഞു.