gnn24x7

ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജില്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

0
149
gnn24x7

ന്യൂദല്‍ഹി: ജാമിയ മില്ലിയ സര്‍വകലാശാലയില്‍ നടന്ന പൗരത്വ ഭേദഗതി പ്രതിഷേധങ്ങളിലെ സംഘര്‍ഷത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജില്‍ ഇമാമിനെതിരെ ദല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.

രാജ്യത്തിന്റെ പരമാധികാരത്തിനും സമഗ്രതയ്ക്കും ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആളുകളെ പ്രേരിപ്പിച്ചു എന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.

124-എ (രാജ്യദ്രോഹം), 153 (എ) ശത്രുത പ്രോത്സാഹിപ്പിക്കുക, സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുക), 153-ബി, 505 ( അപവാദങ്ങള്‍ പ്രചരിപ്പിക്കുക) എന്നീ കുറ്റങ്ങളാണ് റിപ്പോര്‍ട്ടില്‍ ഷര്‍ജീല്‍ ഇമാമിനെതിരെ ചുമത്തിയിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിന്റെ കേന്ദ്രമായിരുന്ന ഷഹീന്‍ ബാഗില്‍ സംഘര്‍ഷമുണ്ടാക്കാനായി വിദ്വേഷപ്രസംഗം നടത്തി എന്നാണ് ഇമാമിനെതിരെയുള്ള കുറ്റപത്രം.

ഒപ്പം ഇമാം ഭരണഘടനയെ പരസ്യമായി ധിക്കരിക്കുകയും അതിനെ ഫാസിസ്റ്റ് രേഖ എന്ന് വിളിക്കുകയും ചെയ്തു. ജൂലൈ 27 ന് കേസിന്റെ വിചാരണ ഉണ്ടാവുമെന്നാണ് സൂചന. ജനുവരി 16-ന് ഷര്‍ജീല്‍ നടത്തിയ ഒരു പ്രസംഗമാണ് ഷര്‍ജില്‍ ഇമാമിനു നേരെയുള്ള കേസുകളുടെ ആധാരം.

ഷര്‍ജിലിന്റെ പേരില്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍ മുസ്ലിങ്ങള്‍ക്ക് അഞ്ച് ലക്ഷം പേരെ സംഘടിപ്പിക്കാനുള്ള ശേഷിയുണ്ടെങ്കില്‍ അത് രാജ്യത്തിന്റെ സിലിഗുഡി കോറിഡോറില്‍ സംഘടിപ്പിച്ച് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയെ കുറച്ചു ദിവസത്തേക്കെങ്കിലും കട്ട് ഓഫ് ചെയ്യണം എന്ന് ആഹ്വാനമുണ്ട്.

ഈ പ്രസംഗത്തിനു പിന്നാലെ അസമിലും യു.പിയിലും ഷര്‍ജില്‍ ഇമാമിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തിരുന്നു. തൊട്ടുപിന്നാലെയാണ് അരുണാചല്‍പ്രദേശിലും മണിപ്പൂരിലും ദല്‍ഹിയിലും ഷര്‍ജില്‍ ഇമാമിനെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തത്.

കഴിഞ്ഞ ദിവസം ഷര്‍ജീല്‍ ഇമാമിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദല്‍ഹിയിലേക്ക് മാറ്റുന്നതിനായി പൊലീസ് ഗുവാഹത്തിയിലെത്തി കൊവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here