വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിനുള്ള നിശ്ചിത സമയം അവസാനിച്ചു. രണ്ടിടങ്ങളിലും രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയതെങ്കിലും ചേലക്കരയിൽ പല ബൂത്തുകളിലും ആറുമണിക്ക് ശേഷവും പോളിങ് തുടരുകയാണ്. വയനാട്ടിൽ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് ഉച്ചയ്ക്ക് ശേഷവും തുടർന്നു. വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോൾ ചേലക്കരയിൽ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിങ് സമയം വൈകിട്ട് ആറിന് പൂർത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്കനുസരിച്ച് വയനാട്ടിൽ 64.53 ശതമാനമാണ് പോളിങ്.
കഴിഞ്ഞ തവണ 73 ശതമാനയായിരുന്നു ഇത്. പോളിങ് ശതമാനം കുറഞ്ഞത് വയനാട്ടിലെ യുഡിഎഫ് ക്യാമ്പുകളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ എൽഡിഎഫ് കേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞത് എന്നാണ് യുഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതിലുള്ള ജനങ്ങളുടെ എതിർപ്പാണ് പോളിങ് കുറയാൻ കാരണമെന്ന് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി പറഞ്ഞു. എൽഡിഎഫ് വോട്ടുകൾ എല്ലാം പോൾ ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ 72.54 ശതമാനം വോട്ടാണ് ഇതുവരെ രേഖപ്പെടുത്തിയത്. അറുമണിക്ക് ശേഷവും ചില ബൂത്തുകളിൽ നീണ്ട നിരയായിരുന്നു കാഴ്ച. 70 ശതമാനത്തിന് മുകളിലാണ് പല ബൂത്തുകളിലും പോളിങ്. പോളിങ് ഉയർന്നത് ഭരണവിരുദ്ധ വികാരമായി യുഡിഎഫ് കണക്കുക്കൂട്ടുന്നു. എന്നാൽ ചേലക്കര നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ക്യാംപ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElgtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






