gnn24x7

സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു

0
290
gnn24x7

പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ പിറവി എന്ന വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായിരുന്നുവെന്നാണ് വിവരം. ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭ ആയിരുന്നു ഷാജി എൻ കരുൺ. ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു.

രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചലച്ചിത്രമാണ്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. 2011 ലെ പത്മശ്രീ അവാർഡിനർഹനായി. കലാസാംസ്കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്’ ലഭിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായാണ് ഷാ‍ജി എൻ കരുൺ ജനിച്ചത്. പള്ളിക്കര സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1971 ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. സംസ്ഥാനചലച്ചിത്ര അക്കാദമി രൂപപ്പെട്ടപ്പോൾ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സം‌വിധായകനായ ജി അരവിന്ദന്റെ കീഴിൽ ഛായാഗ്രാഹകനായി നിരവധി സിനിമകൾ ചെയ്തു. കൂടാതെ പ്രശസ്ത സംവിധായകരായ കെ ജി ജോർജ്, എം ടി വാസുദേവൻ നായർ എന്നിവർക്കൊപ്പവും ഷാജി എൻ കരുൺ പ്രവർത്തിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7